പൊരുതി നേടി അഭിഷേക്; എൻഡോസൾഫാൻ ലിസ്റ്റിൽ ഇനിയെങ്കിലും ഉൾപ്പെടുത്തുമോ?
text_fieldsകാഞ്ഞങ്ങാട്: കാഴ്ചയില്ലെങ്കിലും കമ്പ്യൂട്ടറെന്നാൽ ജീവനാണ് അഭിഷേകിന്. പൂർണമായും കാഴ്ചയില്ലാത്ത അഭിഷേക് മികച്ച വിജയമാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് നേടിയത്. ഇഷ്ടവിഷയമായ ഐ.ടിക്ക് ഉൾപ്പെടെ മലയാളം സെക്കൻഡിലും കണക്കിലും കിട്ടി എ പ്ലസ് ഗ്രേഡ്. മലയാളം ഫസ്റ്റ് ബി പ്ലസ്, ഇംഗ്ലീഷ് സി പ്ലസ്, ഹിന്ദി ബി പ്ലസ്, സോഷ്യൽ സയൻസ് ബി, ബയോളജി സി പ്ലസ്, ഫിസിക്സ് സി പ്ലസ്, കെമിസ്ട്രി ബി പ്ലസ് എന്നിങ്ങനെയാണ് ഗ്രേഡുകൾ. ജന്മനാ കാഴ്ചയില്ലാത്ത അഭിഷേക് ഏറെ പ്രയാസപ്പെട്ടാണ് പത്താം തരം വരെ പഠനം പൂർത്തിയാക്കിയത്.
ബ്രെയിൽ ലിപി പോലുള്ള സാങ്കേതിക സഹായങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ അധ്യാപകർ ക്ലാസിൽ പഠിപ്പിക്കുന്ന ഭാഗങ്ങൾ ശ്രദ്ധയോടെ കേട്ടും അവ ഓർത്തെടുത്തുമായിരുന്നു പഠനം. മൊബൈലിൽ 'ടോക്ക് ബാക്ക്' ഓപ്ഷനും പഠനത്തിന് സഹായകമായെന്ന് അഭിഷേക് പറഞ്ഞു. എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെടുത്താനായി പഞ്ചായത്ത് മുതൽ മന്ത്രി മന്ദിരങ്ങളിൽ വരെ കഴിഞ്ഞ കുറേ വർഷമായി കയറിയിറങ്ങുകയാണ്. രണ്ടുവർഷം മുമ്പ്, കാഴ്ചയില്ലാത്ത മകനെയും കൂട്ടി ബോവിക്കാനത്ത് ക്യാമ്പിൽ വരെ പോയി, കാര്യമൊന്നുമുണ്ടായില്ല. ചെമ്മനാട് പഞ്ചായത്തിൽ ഉൾപ്പെട്ടതിനാൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. എൻഡോസൾഫാൻ ദുരിത 11 പഞ്ചായത്തുകളിൽനിന്ന് പുറത്തുനിന്നായാലും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കൂടി ലംഘിക്കുകയാണ് ഭരണകൂടം.
പാഠ്യേതര വിഷയങ്ങളിൽ സഹ വിദ്യാർഥികളെ കവച്ചുവെക്കുന്ന പ്രകടനമാണ് അഭിഷേക് എപ്പോഴും കാണിച്ചിരുന്നതെന്ന് കാസർകോട് ജി.എച്ച്.എസ്.എസിലെ അധ്യാപകർ പറയുന്നു. കമ്പ്യൂട്ടർ എൻജിനീയറാവാൻ തന്നെയാണ് അഭിഷേകിെൻറ ആഗ്രഹം. സ്വപ്നങ്ങളിലേക്കുള്ള വഴിയില്‍ അകക്കണ്ണിെൻറ കാഴ്ചക്കൊപ്പം കുടുംബവും മാര്‍ഗദീപമായി പിന്തുണയോടെ കൂടെത്തന്നെയുണ്ട്. ഒന്നുമുതൽ ഏഴാം ക്ലാസുവരെ വിദ്യാനഗർ അന്ധവിദ്യാലയത്തിലായിരുന്നു അഭിഷേക് പഠിച്ചത്. മേൽപറമ്പിലെ വിജയെൻറയും രാധയുടെയും മൂത്ത മകനാണ്. അഞ്ചാം ക്ലാസ് വിദ്യാർഥി അഭികൃഷ്ണൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.