20,000ത്തോളം ‘ക്വിന്റൽ’ വാഴകള്‍ വെള്ളത്തില്‍; ആശങ്കയിൽ മടിക്കൈയിലെ കർഷകർ
text_fieldsകാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ ആശങ്കയിലായി മടിക്കൈയിലെ വാഴക്കർഷകർ. കാലാവസ്ഥ മാറ്റങ്ങളും വിലയിടിവും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അഭാവവും മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ശക്തമായ മഴയും ഇതേതുടർന്നുണ്ടായ വെള്ളക്കെട്ടും.
കൂടുതല്‍ വലിയ കുലകള്‍ കിട്ടുമെന്ന പ്രതീക്ഷയിൽ പാലക്കാട് നിന്നുള്ള ഏജൻറ് എത്തിച്ചുനല്‍കിയ 20,000 ക്വിന്റല്‍ ഇനം വാഴകളാണ് ഇത്തവണ കൃഷിയിറക്കിയത്. കുലച്ചുതുടങ്ങുമ്പോഴേക്കും വെള്ളക്കെട്ടിനു നടുവിലായി. സാധാരണഗതിയില്‍ കാലവര്‍ഷം കനക്കുന്നതിനുമുമ്പ് വിളവെടുപ്പ് പൂര്‍ത്തിയാകുന്ന രീതിയിലാണ് മടിക്കൈയിലെ കര്‍ഷകര്‍ വാഴക്കൃഷി നടത്തുന്നത്.
ഇതിന്റെ കണക്ക് അൽപമൊന്നു തെറ്റിയാല്‍ മൂപ്പെത്താത്ത കുലകള്‍ വെള്ളക്കെട്ടില്‍വീണ് ചീഞ്ഞുനശിക്കുന്നതാണ് അനുഭവം. 10 മാസം കൊണ്ട് വിളവെടുപ്പിനു പാകമാകുന്ന സാധാരണ നേന്ത്രന് വാഴകളാണ് വെള്ളക്കെട്ടിലാവുന്ന മടിക്ക പ്രദേശങ്ങള്‍ക്ക് അനുയോജ്യം.
ഈ ഭൂപ്രകൃതിയും സാഹചര്യവും അറിയാതെയാണ് വിളവെടുപ്പിന് പാകമാകാന്‍ 14 മാസത്തോളം എടുക്കുന്ന ക്വിന്റല്‍ വാഴയുടെ വിത്തുകള്‍ ഏജന്റ് എത്തിച്ചുനല്‍കിയത്. കുലക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന കാര്യമറിയാതെയാണ് കര്‍ഷകര്‍ ഇവ കൃഷിയിറക്കിയത്.
കൃത്യമായി വെള്ളവും വളവുംനല്‍കി പരിപാലിച്ച വാഴകള്‍ എട്ടുമാസം പിന്നിട്ടിട്ടും കുലക്കാതായതോടെ കര്‍ഷകര്‍ ആശങ്കയിലായി. വാഴവിത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇവ ‘ക്വിന്റല്‍’ വാഴകളാണെന്ന് മനസ്സിലായത്. ഇവകുലച്ചുതുടങ്ങിയത് ഇപ്പോഴാണ്.
കാലവര്‍ഷം തുടങ്ങാന്‍ വൈകിയതിന്റെ ഭാഗ്യംതുണച്ചിട്ടും ഇപ്പോള്‍ വാഴത്തോട്ടങ്ങളെല്ലാം മുട്ടൊപ്പം വെള്ളത്തിലായി. സാധാരണ നേന്ത്രവാഴകള്‍ കൃഷിചെയ്തവര്‍ക്ക് ഇതിനകം വിളവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയാക്കാനായി. കിലോക്ക് 50 രൂപ വരെ കിട്ടുന്നുണ്ട്. ക്വിൻറല്‍ വാഴകളാകട്ടെ, മൂപ്പുപോലും ആകുന്നതിനുമുമ്പ് വെള്ളത്തിനു നടുവിലായി.
മടിക്കൈ പഞ്ചായത്തിലെ മണക്കടവ്, പൂത്തക്കാല്‍, മുണ്ടോട്ട്, കാലിച്ചാംപൊതി, കാഞ്ഞങ്ങാട് നഗരസഭയിലെ അരയി, കാര്‍ത്തിക, മോനാച്ച ഭാഗങ്ങളിലായി ഇരുപതിനായിരത്തോളം ക്വിൻറല്‍ വാഴകളാണ് വെള്ളക്കെട്ടില്‍ നിൽക്കുന്നത്. ഇവയില്‍ മൂപ്പെത്തിയ കുലകള്‍ പേരിനുപോലുമില്ല.
മിക്കതും ഇനി തണ്ടുചീഞ്ഞ് നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കോടികളുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടാവുക. പലരും ബാങ്ക് വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി നടത്തുന്നവരാണ്. മടിക്കൈയിലെ ഭൂപ്രകൃതിയുടെ പേരുപറഞ്ഞ് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ വാഴകളുടെ എണ്ണം കണക്കാക്കി സമാശ്വാസ സഹായം സര്‍ക്കാറിന്റെയും കൃഷിവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.