വിട; നാടിന്റെ പ്രിയപ്പെട്ടവർക്ക്...
text_fieldsപയ്യന്നൂർ/കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി പത്തിന് കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് പുത്തൂർ നാടിന്റെ യാത്രാമൊഴി.ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിന്റെ പ്രിയപ്പെട്ടവർക്ക് കരിവെള്ളൂർ പുത്തൂരിലെ നാട്ടുകാർ വിട നൽകിയത്. ആയിരങ്ങളാണ് പൊതുദർശനത്തിന് വെച്ച പുത്തൂർ സ്കൂളിലും വീട്ടിലും അന്തിമോപചാരമർപ്പിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ഓടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇത് പൂർത്തിയാക്കി അഞ്ച് പോസ്റ്റുമോർട്ടവും പൂർത്തിയാവുമ്പോൾ വൈകീട്ട് നാലോടടുത്തിരുന്നു.
മരിച്ച കാനത്തിൽ കൃഷ്ണന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റുമോർട്ടം ചെയ്തത്. ഉച്ചയോടെ കൃഷ്ണന്റെ മൃതദേഹം നീലേശ്വരത്തിനടുത്തുള്ള തറവാട്ടിൽ എത്തിച്ച് അമ്മയെ കാണിച്ച ശേഷമാണ് പുത്തൂർ സ്കൂളിലേക്ക് കൊണ്ടുവന്നത്.പത്മകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളജിൽനിന്ന് നേരിട്ട് ശാസ്താംപാറ തായന്നൂരിലേക്ക് കൊണ്ടുപോയി. മറ്റു മൂന്നു മൃതദേഹങ്ങളും വൈകീട്ടോടെ പുത്തൂരിൽ പൊതുദർശനത്തിന് വെച്ചു.തുടർന്ന് സുധാകരന്റെയും അജിതയുടെയും മൃതദേഹങ്ങൾ സുധാകരന്റെ ജന്മനാടായ ഭീമനടി കമ്മാടത്തേക്ക് കൊണ്ടുപോയി. കൃഷ്ണന്റെയും കൊച്ചുമകൻ ആകാശിന്റെയും മൃതദേഹം രാത്രിയോടെ പുത്തൂരിൽ സംസ്കരിച്ചു. ഏക മകൻ സൗരവിനെ കോഴിക്കോട് സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി മടങ്ങുന്ന യാത്രയാണ് ദുരന്തയാത്രയായത്.
ടി.ഐ. മധുസൂദനൻ എം.എൽ.എ, കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. നാരായണൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ് മരിച്ച പത്മകുമാർ.ഭാര്യ: രാധ. മക്കൾ: ശൈലനാഥ്, ശൈലശ്രീ. പടിഞ്ഞാറ്റയിൽ ലക്ഷ്മി പിള്ളയാതിരി അമ്മയാണ് മരിച്ച കൃഷ്ണന്റെ ഭാര്യ. അജിതയെ കൂടാതെ അജിത് മകനാണ്. അജിതിന്റെ മകനാണ് മരിച്ച ആകാശ്. ഐശ്വര്യയാണ് അമ്മ. സഹോദരൻ: അദ്വൈത്. പുത്തൂർ എൽ.പി സ്കൂൾ വിദ്യാർഥിയാണ് ഒമ്പതുകാരനായ ആകാശ്.
മരണം അതിദാരുണമായി
പയ്യന്നൂർ: പുന്നച്ചേരി വാഹനാപകടത്തിൽ മരിച്ച അഞ്ചു പേരും മരണത്തിന് കീഴടടങ്ങിയത് അതിദാരുണമായി. ആകാശിന്റെ ഒഴികെ നാലു പേരുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ വികൃതമായിരുന്നു. കൂട്ടിയിടിയിൽ മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റതാണ് തൽക്ഷണം മരിക്കാൻ കാരണം. കാർ തകർത്താണ് ഇവരെ പുറത്തെടുത്തത്. നാട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവിൽ അഗ്നിരക്ഷ സേനയെത്തിയാണ് അപകടത്തിൽപ്പെട്ട അഞ്ചു പേരെയും പുറത്തെടുത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.