തുറമുഖ മന്ത്രി അറിയാൻ.. അജാനൂർ കാത്തിരിക്കുകയാണ് മത്സ്യബന്ധന തുറമുഖത്തിനായി
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെത്തുന്ന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ കാത്തിരിക്കുകയാണ് അജാനൂർ തീരദേശം. 12 വർഷമായി ചെറു മത്സ്യബന്ധന തുറമുഖത്തിനായാണ് ഇൗ കാത്തിരിപ്പ്. തീരദേശത്തിെൻറ പ്രതീക്ഷക്ക് നിറംപകർന്ന് നിർദിഷ്ട അജാനൂർ ചെറു മത്സ്യബന്ധന തുറമുഖത്തിെൻറ അവസാന ഘട്ട സർവേ അടക്കം കഴിഞ്ഞെങ്കിലും പിന്നീട് തുടർനടപടിയുണ്ടായില്ലെന്നും മന്ത്രി ഉടൻ വിഷയത്തിൽ ഇടപെടണമെന്നുമാണ് മന്ത്രിയോട് കടപ്പുറത്തുകാർക്ക് പറയാനുള്ളത്.
മന്ത്രിയായശേഷം ആദ്യമായാണ്, ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ ശനിയാഴ്ച കാസർകോെട്ടത്തുന്നത്. ചെറു മത്സ്യബന്ധന തുറമുഖത്തെ രാഷ്ട്രീയ സ്വാധീനത്തിൽപെടുത്തി ബ്രേക്ക് വാട്ടർ പദ്ധതിയായി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. പുഴയുടെ ആഴംകൂട്ടി ബോട്ടുകൾക്ക് നേരിട്ട് കടലിലേക്ക് പ്രവേശിക്കാനുള്ള മാർഗമാണ് ഇപ്പോൾ ആലോചിക്കുന്നത്. പുഴയിൽ ലാൻഡിങ് സംവിധാനവും ഒരുക്കും. എന്നാൽ, ചെറുകിട മത്സ്യബന്ധന തുറമുഖംതന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. ചിത്താരി മുതൽ നീലേശ്വരം വരെ 1700ലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരിൽ ഭൂരിഭാഗത്തിെൻറയും ഉപജീവന മാർഗം കടലിൽനിന്നും മീൻ പിടിച്ചാണ്. എന്നാൽ, തുറമുഖം ഇല്ലാത്തതിനാൽ മഴക്കാലങ്ങളിൽ കടലിൽ പോയി തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയാണ്.
12 വർഷമായി തുറമുഖമെന്ന സ്വപ്നത്തിനു പിറകേ തീരദേശവാസികൾ നടക്കാൻ തുടങ്ങിയിട്ട്. ഇതിനുവേണ്ടി നാട്ടുകാർ കർമസമിതിയും രൂപവത്കരിച്ചിരുന്നു. അജാനൂർ കുറുംബ ഭഗവതി ക്ഷേത്ര ഭരണസമിതിയും പദ്ധതി യഥാർഥ്യമാകാൻ ഒട്ടേറെ തവണ നിവേദനവുമായി അധികൃതരെ സമീപിച്ചിരുന്നു. നിലവിലെ സർക്കാർ വേണ്ടത്ര രീതിയിൽ താൽപര്യം കാണിക്കുന്നില്ലെന്നാണ് പരാതി. ആദ്യം മത്സ്യബന്ധന തുറമുഖം നൽകാമെന്ന് പറഞ്ഞു.
പിന്നീട് ചെറു മത്സ്യബന്ധന തുറമുഖം നൽകാമെന്നായി വാഗ്ദാനം. ഇപ്പോൾ പുലിമുട്ട് മതിയെന്ന നിലപാടാണ് അധികൃതർക്ക്. ഒരു ജനതയെ വർഷങ്ങളായി പറഞ്ഞുപറ്റിക്കുന്നതിെൻറ ഉത്തമ ഉദാഹരണമാണിത്. ഇപ്പോൾ ബ്രേക്ക് വാട്ടർ പദ്ധതിക്കായുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇതും പറഞ്ഞ് ഈ ജനതയെ പറ്റിക്കുകയാണെങ്കിൽ വൻ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വാർഡ് അംഗം രവീന്ദ്രൻ അജാനൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.