അജാനൂരിന്റെ സ്വപ്നം യാഥാർഥ്യമാകുന്നു
text_fieldsകാഞ്ഞങ്ങാട്: അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. തീരദേശത്തിന് ആശ്രയമാകുന്ന ചികിത്സ കേന്ദ്രമാണിത്. സ്വകാര്യ ആതുരാലയങ്ങളോട് കിടപിടിക്കുന്നതാണ് ഈ സർക്കാർ ആതുരാലയം. കാസർകോട് വികസന പാക്കേജിൽനിന്നുള്ള വിഹിതവും പഞ്ചായത്തിന്റെ വിഹിതവും ഉപയോഗിച്ച് നിർമിച്ചതാണ് കെട്ടിടം. പുതിയ കെട്ടിടത്തിലേക്ക് ചികിത്സ കേന്ദ്രം മാറുന്നതോടെ പഴയ കെട്ടിടം ഭരണ നിർവഹണ വിഭാഗത്തിന്റെത് മാത്രമാക്കും.
നിലവിൽ മൂന്നു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ലാബ് സൗകര്യവും ഇ.സി.ജിയും ആഴ്ചയിൽ രണ്ട് ദിവസം ഫിസിയോ തെറാപ്പിയും ഒരുക്കിയതോടെ ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ ആളുകൾ എത്തുന്നതായി ആശുപത്രി അധികൃതർ പറയുന്നു. 150 രോഗികളെങ്കിലും നിത്യവും ഇവിടെ എത്താറുണ്ട്. മഴ തുടങ്ങിയതോടെ പനി ചികിത്സക്ക് വേണ്ടിയാണ് കൂടുതൽ ആളുകൾ എത്തുന്നത്. അജാനൂരിന്റെ 12 വാർഡുകളും നഗരസഭയുടെ ഒരു വാർഡുമാണ് പരിധിയെങ്കിലും ഇതിലേറെ ആളുകൾ എത്താറുണ്ട്.
അപൂർവം പഞ്ചായത്തുകളിലെ രണ്ട് എഫ്.എച്ച്.സികളുള്ളൂ. അതിലൊന്നാണ് അജാനൂർ. ഏഴായിരം വീടുകളിലായി 36,000 പേരാണ് ഇവരുടെ പരിധിയിലുള്ളത്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഫാർമസിസ്റ്റിന്റെയും കുറവ് കൂടി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നാണ് ജീവനക്കാരുടെ അഭിപ്രായം. 90 സെൻറ് സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന ആശുപത്രിയുടെ മുന്നിൽ ഇൻറർലോക് പാകുന്ന കാര്യം അധികൃതരുടെ പരിഗണനയിലുണ്ട്.
പഞ്ചായത്ത് പരിധിയിലെ 680 എൻഡോസൾഫാൻ ഇരകളിൽ 345 പേരും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതും വാക്സിൻ എടുത്തതും അജാനൂരിലാണ്. നാട്ടുകാരുടെ നിരന്തര ആവശ്യമാണ് യാഥാർഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.