കിടത്തി ചികിത്സക്കുള്ള സൗകര്യംകാത്ത് അമ്പലത്തറ ആയുർവേദ ഡിസ്പെൻസറി
text_fieldsകാഞ്ഞങ്ങാട് : അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ അപ്ഗ്രേഡ് ചെയ്ത് കിടത്തിചികിത്സ തുടങ്ങണമെന്ന് ആവശ്യം. പുല്ലൂർ പെരിയ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനത്തിൽ പുതിയ കെട്ടിടം വന്നതോടെ ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടം ഇതിനായി ഉപയോഗപ്പെടുത്തണമെന്നതാണ് ആവശ്യം.
നേരത്തേ മുതൽ ഇതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതിക നൂലാമാലകളാണ് തടസ്സമാകുന്നത്. സ്ഥാപനത്തിന്റെ വളപ്പിലൂടെ സ്കൂളിലേക്കും വെറ്ററിനറി ഡിസ്പെൻസറിയുടെ സബ് സെന്ററിലേക്കും റോഡുള്ളത് ചൂണ്ടിക്കാട്ടി അക്രഡിറ്റേഷനും ഇല്ലാതാക്കിയിരുന്നു. ഈ പ്രശ്നം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. ആയുഷിന് കീഴിൽ ജീവനക്കാരെയും ലഭിക്കുന്നതോടെ സാമ്പത്തിക ബാധ്യത ഉണ്ടാകാതെതന്നെ കിടത്തി ചികിത്സ തുടങ്ങാനാകും.
ദിവസവും 70ലേറെ രോഗികൾ ചികിത്സതേടി എത്തുന്നതായി ഡോ. സി.ബി. ദിവ്യ പറഞ്ഞു. ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റൻഡർ, യോഗ ഇൻസ്ട്രക്ടർ ജീവനക്കാരാണ് ഇപ്പോഴുള്ളത്. പകൽ ഒമ്പത് മുതൽ രണ്ടുവരെയാണ് രോഗികളെ പരിശോധിക്കുന്നത്. കോടോം ബേളൂർ അടക്കമുള്ള സമീപ പഞ്ചായത്തുകളിൽ നിന്നെല്ലാം ഇവിടേക്ക് ആളെത്തുന്നുണ്ട്.
പഞ്ചായത്തിൽ ഹരിപുരത്തും മറ്റൊരു ഡിസ്പെൻസറിയുണ്ട്. വിദഗ്ധ ചികിത്സക്ക് പടന്നക്കാടേക്കും മടിക്കൈയിലേക്കുമാണ് അയക്കുകയെന്നും ഡോക്ടർ പറഞ്ഞു. മലയോരത്തെ മുഴുവൻ ജനങ്ങളും പോകുന്ന പാതയോരത്താണ് സ്ഥാപനമെന്നതിനാൽ വികസന സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.