നൂറ്റാണ്ട് പഴക്കമുള്ള ആനന്ദാശ്രമം -ഗുഹ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsകാഞ്ഞങ്ങാട്: മഞ്ഞംപൊതികുന്നിന്റെ താഴ്വാരത്തെ നൂറ്റാണ്ട് പഴക്കമുള്ള ഗുഹയിലേക്കുള്ള സഞ്ചാരപാത നാടിനു സമർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ പത്താംവാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വകയിരുത്തി നിർമിച്ച ആനന്ദാശ്രമം - ഗുഹറോഡ് എന്ന പേരിൽനിർമാണം പൂർത്തിയാക്കിയ കോൺക്രീറ്റ് പാതയാണ് നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കുമായി തുറന്നുകൊടുത്തത്.
പ്രസിദ്ധമായ ആനന്ദാശ്രമത്തിന്റെ ആത്മീയ ചൈതന്യം കുടികൊള്ളുന്ന മഞ്ഞംപൊതികുന്നിന്റെ പടിഞ്ഞാറൻ താഴ്വാരത്ത് അനവധി വർഷങ്ങൾക്കുമുമ്പാണ് പാറക്കെട്ടുകൾ തുരന്ന് നിർമിച്ച മൂന്നോളം വൃത്താകൃതിയിലുള്ള ഗുഹകൾ സ്ഥിതിചെയ്യുന്നത് ആശ്രമത്തിലെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ ആകർഷക കേന്ദ്രമാണ് ശുദ്ധജല സമൃദ്ധമായ ഗുഹകൾ.
പ്രദേശവാസികൾക്ക് യഥേഷ്ടം വെള്ളം ലഭിക്കുന്ന തുരങ്കങ്ങൾ ആനന്ദാശ്രമത്തിലെ ഒരു അന്തേവാസിയാണ് കുടിവെള്ളത്തിനും കൃഷിക്കും മറ്റു കാർഷികാവശ്യങ്ങൾക്കുമായി നാട്ടുകാർക്ക് നിർമിച്ച് നൽകിയത് എന്നാണ് പഴമക്കാർ പറയുന്നത്. വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംനേടിയ മഞ്ഞംപൊതി കുന്നിലേക്കും കുന്നിന് നെറുകയിൽ സ്ഥിതിചെയ്യുന്ന ശ്രീ വീരമാരുതി ക്ഷേത്രത്തിലേക്കും എളുപ്പം എത്താവുന്ന മാർഗവുമാണ് ഇതോടെ യാഥാർഥ്യമാവുന്നത്.
അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ആർ. ശ്രീദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ കെ. മീന, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പി. പത്മനാഭൻ, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ, ജിതീഷ് രാംനഗർ എന്നിവർ സംസാരിച്ചു.
സി.പി. അശോകൻ സ്വാഗതവും സതീഷ് ആനന്ദാശ്രമം നന്ദിയും പറഞ്ഞു. റോഡ് നിർമാണത്തിനുവേണ്ടി മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച വാർഡ് അംഗം കെ.ആർ. ശ്രീദേവി, കരാർ ജോലി ഏറ്റെടുത്ത് പ്രവർത്തിച്ച കോൺട്രാക്റ്റർ ഷിജു മണ്ണട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.