ജന്തുജന്യ രോഗദിനം: ബോധവത്കരണം
text_fieldsകാഞ്ഞങ്ങാട്: ലോക ജന്തുജന്യ രോഗദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിർവഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സവിത അധ്യക്ഷത വഹിച്ചു.
ശോഭനകുമാരി, ഷമീർ കുംഭകോട്, വി. കൃഷ്ണൻ, മാധവൻ, കെ.ആർ. വേണു, പ്രശാന്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ബന്തടുക്ക കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് ജോർജ് നന്ദിയും പറഞ്ഞു.
തുടർന്ന് ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രം അസി. സർജൻ ഡോ. വിദ്യ, കുറ്റിക്കോൽ ഗവ. വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ. ജയകൃഷ്ണൻ എന്നിവർ സെമിനാർ നയിച്ചു. ഹരിതകർമസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പട്ടികജാതി-വർഗ പ്രമോട്ടർമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ജന്തുജന്യരോഗങ്ങൾ എങ്ങനെ?
പകര്‍ച്ചവ്യാധികളില്‍ മൂന്നില്‍ രണ്ടുഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്ക്രബ് ടൈഫസ്, കുരങ്ങുപനി, നിപ, പേവിഷബാധ, ജപ്പാന് ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയാണ് കേരളത്തില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍.
മനുഷ്യനും മൃഗങ്ങളും ജീവിതപരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍നിന്ന് വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് എത്തുകയും രോഗങ്ങള്‍ ഉണ്ടാകാനും ഇടയാകുന്നു.മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകള്‍ പലപ്പോഴും ഒഴിവാക്കാനാകാത്തതാണ്. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി മനുഷ്യര്‍ അറിഞ്ഞും അറിയാതെയും ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നു. അതിനാല്‍ ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാല്‍ മാത്രമേ അവയെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.
മുൻകരുതൽ
- മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
- മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
- മുഖത്തോടുചേര്ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്.
- അഞ്ചിന് താഴെയും 65ന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധപുലര്‍ത്തണം.
- മൃഗങ്ങളില്‍നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.
- വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കണം.
- വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.