മയക്കുമരുന്നുമായി കാറിൽ സഞ്ചരിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടികൂടി
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മയക്കുമരുന്നുമായി കാപ്പ കേസിലെ പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. കാറിൽ കടത്തിയ 26.9 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പടന്നക്കാട് ഞാണിക്കടവ് സ്വദേശി അർഷാദിനെയാണ് 33 അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം സംസ്ഥാനപാതയിൽ നിന്നാണ് കാറിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടിയത്.
പൊലീസ് വാഹനം കുറുകെ ഇട്ട സമയം പ്രതി കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നോട്ടെടുക്കുന്നതിനിടെ മറ്റൊരു കാറിലിടിക്കുകയും തുടർന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു. പൊലീസിനെ കണ്ടപാടെ നാലു പാക്കറ്റ് എം.ഡി.എം.എ വിഴുങ്ങുകയും അക്രമാസക്തനാവുകയും ചെയ്തു. സാഹസികമായി കീഴടക്കുകയുമായിരുന്നു.
ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, നീലേശ്വരം ഇൻസ്പെക്ടർ കെ. പ്രേംസദൻ, എസ്.ഐ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നേരത്തെ മയക്കുമരുന്നുമായി പിടിയിലായ പ്രതി കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്നു.
ആറു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിനുശേഷം ഡിവൈ.എസ്.പി ഇടപെട്ട് ഇയാൾക്ക് കാഞ്ഞങ്ങാട്ടെ ഫ്രൂട്സ് കടയിൽ ജോലി തരപ്പെടുത്തി നൽകിയിരുന്നു. ഇനി മയക്കുമരുന്ന് ഇടപാട് നടത്തില്ലെന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ അടുത്തിടെ മയക്കുമരുന്ന് കടത്ത് തുടങ്ങിയതായും ബംഗളൂരുവിൽനിന്ന് മൊത്തമായി വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് കടത്തുന്നതായും വിവരം ലഭിച്ചു. ഇതേത്തുടർന്ന് ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായി.
ഇന്നലെ മയക്കുമരുന്ന് കൊണ്ടുവരുന്നതായി ഇൻസ്പെക്ടർ പ്രേംസദന് വിവരം ലഭിക്കുകയും ഇയാളെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി ബിജോയിയുടെ നിർദേശ പ്രകാരം നടന്ന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എസ്.ഐ വിശാഖ്, പൊലീസുകാരായ ഗിരീഷ്, ജ്യോതിഷ്, ദിലീഷ്, കിഷോർ, ബൈജു പ്രണവ് ഷിജിത്ത് എന്നിവർ പ്രതിയെ പിടികൂടാൻ സഹായിച്ചു. ഇയാൾക്കെതിരെ പയ്യന്നൂർ പൊലീസിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.