അഞ്ച് വർഷമായി അറ്റകുറ്റപ്പണി! വ്യാജ ബസ് പെർമിറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ഒത്താശ
text_fieldsകാഞ്ഞങ്ങാട്: മോട്ടോർ വാഹന വകുപ്പിന്‍റെ ഒത്താശയോടെ വ്യാജ ബസ് പെർമിറ്റുകൾ സജീവം. മണിക്കൂറുകൾ ഇടവേളയുള്ള റൂട്ടുകളിലെല്ലാം മറ്റ് ഓപറേറ്റർമാർ വരാതിരിക്കാനാണ് കുത്തകയുള്ള ഉടമകൾ വ്യാജ പെർമിറ്റ് ഒരുക്കുന്നത്.
കാഞ്ഞിരപ്പൊയിലിൽനിന്ന് നീലേശ്വരത്തേക്ക് ഒരു മണിക്കൂർ ഇടവേളയുള്ള സമയത്തെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ കണക്കിൽ 20 മിനിറ്റ് ഇടവേളയിൽ രണ്ട് ബസുകൾ വരെയുണ്ട്. എന്നാൽ ഒരിക്കലും റോഡിലിറങ്ങാറില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ ബസുകൾ അറ്റകുറ്റപ്പണിയിലാണെന്നാണ് പറയുക. അറ്റകുറ്റപ്പണി നടത്തുന്ന ഇടവേളയിൽ റോഡ് ടാക്സ്, ഇൻഷുറൻസ് എന്നിവയിൽനിന്ന് ഇളവ് ലഭിക്കും.
2016-17 കാലത്തുണ്ടാക്കിയ പെർമിറ്റുകളാണ് ഇവ. കെ.എസ്.ആർ.ടി.സിയോ മറ്റ് സ്വകാര്യ ഓപറേറ്റർമാരോ പുതിയ പെർമിറ്റ് ആരംഭിച്ചാലുടൻ കൂടെയോടി നഷ്ടത്തിലാക്കി നിർത്തിക്കുകയും ചെയ്യും. നോൺ യൂസ് ഇന്റിമേഷൻ നൽകി ബസുകൾ ഓടാത്തതിന് ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും സർക്കാറാണ് ചെയ്യേണ്ടതെന്നുമാണ് കാസർകോട് ആർ.ടി.ഒ രേഖാമൂലം നൽകുന്ന മറുപടി.
അതേസമയം, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കാഞ്ഞങ്ങാട് സെക്ടറിൽ ഈവിധം നിയമം ദുരുപയോഗം ചെയ്യുന്ന ബസുകളുടെ ലിസ്റ്റിലെല്ലാം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്റെ പ്രിയപ്പെട്ടവരുടേതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
യാത്രാസൗകര്യം തീരെയില്ലാത്ത കാരാക്കോട് നിന്ന് മൂന്നര മണിക്കൂർ ഇടവേളക്കിടയിലും ഇവർക്ക് ട്രിപ്പുണ്ട്. നഷ്ടമെങ്കിൽ പെർമിറ്റ് റദ്ദാക്കാമെങ്കിലും ഉദ്യോഗസ്ഥർ സംരക്ഷിക്കും. 2015 ആഗസ്റ്റ് 22ലെ വിജിലൻസ് പരിശോധനയിൽ ഫെയർ സ്റ്റേജിലെ കൊള്ള പരിഹരിക്കാൻ നിർദേശിച്ചിട്ടും ഏഴ് വർഷമായി മെല്ലെപ്പോക്ക് തുടരുന്നത് ഈ സ്വാധീനമാണെന്നും ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ അമ്പലത്തുകര ഈസ്റ്റ് മേഖല കമ്മിറ്റിയും മടിക്കൈ മോഡൽ കോളജ് വിദ്യാർഥികളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.