കടകളിൽ മാത്രമല്ല, വിദ്യാലയമുറ്റത്തും ലഹരി വസ്തുക്കൾ -നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി
text_fieldsകാഞ്ഞങ്ങാട്: യുവത്വത്തിന്റെ പച്ചപ്പുകള്‍ക്ക് മീതെ തീമേഘങ്ങളായി പതിയുന്ന രാസലഹരികള്ക്കെതിരെ നാടുംനഗരവും മനുഷ്യരൊക്കെയും അതി ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.എം. മാത്യു.
കടകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും മാത്രമല്ല ലഹരി വസ്തുക്കള്‍ വിദ്യാലയ മുറ്റത്തുനിന്നുതന്നെ ലഭ്യമാവുന്നു എന്നത് ഏറെ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും മക്കളുടെ വളര്‍ച്ചയെ രക്ഷിതാക്കള്‍ കണ്ണിമ പൂട്ടാതെ നോക്കിക്കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ആറങ്ങാടി അര്‍റഹ്മ സെൻറര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻറ് പാലക്കി സി. കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് സി.എച്ച്. സെന്റർ വൈസ് ചെയര്മാന് തായല്‍ അബ്ദുല്‍ റഹ്മാന് ഹാജി ഉപഹാരം നൽകി. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡൻറ് സുറൂര്‍ മൊയ്തു ഹാജി, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ല സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് അലി, ടി.കെ. സുമയ്യ, ജമാഅത്ത് പ്രസിഡന്റ് ഇ.കെ. അബ്ദുര്‍ റഹ്മാന് തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.കെ. റഷീദ് സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ എം.കെ. അഷ്റഫ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.