ബേക്കൽ ടൂറിസം വില്ലേജ് കരാർ രേഖ കൈമാറി
text_fieldsകാഞ്ഞങ്ങാട്: ബേക്കൽ ടൂറിസം വില്ലേജ് യാഥാർഥ്യമാവുന്നു. ടൂറിസം വില്ലേജ് പ്രോജക്ടിന്റെ ലൈസൻസ് എഗ്രിമെന്റ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മോറെക്സ് ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് മൗലാക്കിരിയത്തിന് കൈമാറി. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിലെ ആദ്യ പ്രോജക്ടാണ് ബേക്കലിൽ നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപയാണ് മോറെക്സ് ഗ്രൂപ് നിക്ഷേപിക്കുന്നത്.
അജാനൂർ ഗ്രാമപഞ്ചായത്തിലെ കൊളവയൽ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി.ആർ.ഡി.സിയുടെ കൈവശമുള്ള 33.18 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് സ്ഥാപിക്കുന്നത്. 30 വർഷത്തേക്കാണ് സ്ഥലം മോറെക്സ് ഗ്രൂപ്പിന് ലീസിന് നൽകിയത്. വിദേശ-സ്വദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലേക്കുള്ള അതി വിപുലമായ സംവിധാനമാണ് ബേക്കൽ ടൂറിസം വില്ലേജിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നത്.
ജില്ലയിലെ ടൂറിസം കണക്ടിവിറ്റി സെന്ററായി ടൂറിസം വില്ലേജ് മാറും. പരിസ്ഥിതി സൗഹൃദ നിർമിതികൾ മാത്രമാണ് ഉണ്ടാവുക. റിവർസൈഡ് പാർക്ക്, ഹട്ട് , ബോട്ടിങ്, ലൈവ് ഫിഷ് ക്യാച്ചിങ് സെന്റർ, നാടൻ ഭക്ഷണ ശാലകൾ, കുട്ടികൾക്ക് ഉല്ലസിക്കാൻ പ്രത്യേക സോൺ, വെഡ്ഡിങ് സോൺ, ആംഫി തിയേറ്റർ, സ്വിമ്മിങ് പൂൾ, റിസോർട്ട് , കയാക്കിങ്, റോപ്പ് വേ തുടങ്ങിയവ ടൂറിസം വില്ലേജിന്റെ ഭാഗമായി ഉണ്ടാവും. തദ്ദേശീയരായ നിരവധി ആളുകൾക്ക് തൊഴിൽ സാധ്യത കൂടി ഇതിന്റെ ഭാഗമായി പരിഗണിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി -കെ. സബീഷ് (അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ബേക്കലുമായി ബന്ധപ്പെട്ടതും ജില്ലയിലെ ഏറ്റവും വലുതുമായ ടൂറിസം പദ്ധതിയാണ് വില്ലേജ് ടൂറിസം പദ്ധതി. ബേക്കലിനെ റിസോർട്ട് നിർമാണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിൽ നിന്നും വ്യത്യസ്തമാക്കുകയാണ് ഈ പദ്ധതി. റിസോർട്ടിനു വേണ്ടി ഏറ്റെടുത്ത ഭൂമിയിലാണ് അനുഭവവേദ്യ ടൂറിസമായ വില്ലേജ് ടൂറിസം കടന്നുവരുന്നത്. 33 ഏക്കർ ഭൂമിയിൽനിന്നും തീരദേശ സംരക്ഷണ നിയമത്തിൻ കീഴിൽ വരാത്ത 3.5 ഏക്കറിൽ നിർമാണം നടക്കും. ബാക്കി 30 ഏക്കറിലാണ് വിവിധങ്ങളായ അനുഭവവേദ്യമായ പദ്ധതികൾ കടന്നുവരുന്നത്. ജില്ലയിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.