പൊള്ളലേറ്റ ഒന്നര വയസ്സുകാരന് ചികിത്സ നൽകിയില്ല; മാതാവ് പരാതി നൽകി
text_fieldsകാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരന് ചികിത്സ നൽകാത്തതിനെതിരെ കുടുംബം ജില്ല മെഡിക്കൽ ഓഫിസർക്കും ഹോസ്ദുർഗ് പൊലീസിനും പരാതി നൽകി. തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിലെ മത്സ്യത്തൊഴിലാളി അബ്ദുല്ലയുടെയും സാബിറയുടെയും മകൻ മുഹമ്മദ് സെയ്ദിന് ചികിത്സ നിഷേധിച്ച് കൊടിയ ദുരിതത്തിനിരയായ സംഭവത്തിലാണ് പരാതി.
രണ്ടാഴ്ച മുമ്പാണ് സംഭവം. തിളച്ച ചായ മറിഞ്ഞാണ് മുഖത്തും നെഞ്ചിലുമുൾപ്പെടെ പൊള്ളലേറ്റത്. മേശയിൽ വെച്ചിരുന്ന തിളച്ച ചായ കുഞ്ഞ് എടുത്ത് കുടിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് ദേഹമാസകലം പൊള്ളലേൽക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സക്ക് ഭീമമായ തുകയാകും എന്നറിഞ്ഞതോടെയാണ് കുട്ടിയെ പിറ്റേ ദിവസം ചികിത്സക്കായി ജില്ല ആശുപത്രിയിലെത്തിച്ചത്.
രാത്രി കുഞ്ഞിനെ ജില്ല ആശുപത്രിയിലെത്തിച്ച് ഡോക്ടറോട് കാര്യം പറഞ്ഞെങ്കിലും ഒ.പി ടിക്കറ്റെടുത്ത് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ആശുപത്രിയിലെത്തി ഒരു മണിക്കൂറിനുശേഷം ഐ.സി.യുവിൽ ഒഴിവില്ലെന്നും വാർഡിൽ കിടത്താനും പറഞ്ഞത്രേ. പിറ്റേ ദിവസം പരിയാരം മെഡിക്കൽ കോളജിലേക്ക് പോകാമെന്നും പറഞ്ഞു. ഇതോടെ കുട്ടിക്കൊപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ ബഹളം വെച്ചിരുന്നു. ആശുപത്രിയിൽനിന്ന് നൽകിയ ഒ.പി ടിക്കറ്റ് വാങ്ങി വെച്ചതുമൂലം അർധരാത്രി കണ്ണൂരിലെത്തിച്ച കുട്ടിക്ക് ഇവിടത്തെ ആശുപത്രിയിലും ചികിത്സ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒടുവിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എ.സി മുറിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതുമൂലം നിർധന കുടുംബം ദിവസം 2200 രൂപ വീതം ഒരാഴ്ചയോളം ആശുപത്രിയിൽ മുറിവാടക നൽകേണ്ടിവന്നു. ഡോക്ടറുടെ ഫീസും മരുന്നിനുമായി പതിനായിരങ്ങൾ വേറെയും ചെലവായി. 6500 രൂപ ആംബുലൻസ് വാടകയും നൽകി.
സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതുമൂലം കുടുംബം കടക്കെണിയിലുമായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മാതാവ് സാബിറ ഡി.എം.ഒക്കും പൊലീസിലും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.