കൈക്കൂലി; ചിത്താരി വില്ലേജ് ഓഫിസറും അസിസ്റ്റന്റും റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചിത്താരി വില്ലേജ് ഓഫിസര്‍ സി. അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വി. സുധാകരന് എന്നിവരെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി വിജിലൻസ് കോടതിയാണ് പ്രതികളെ കണ്ണൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ചിത്താരി സ്വദേശിയായ പരാതിക്കാരന്റെ സഹോദരി പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടുമാസം മുമ്പ് നൽകിയ അപേക്ഷയിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്.
വില്ലേജ് ഓഫിസറായ അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരന് 1000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങുകയായിരുന്നു. വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശ്വംഭരന് നായരുടെ നേതൃത്വത്തിൽ ഓഫിസില്‍ വെച്ച് കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു.
പരാതിക്കാരനായ അബ്ദുൽ ബഷീറിനെ ഏൽപ്പിച്ച 3,000 രൂപ വില്ലേജ് ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത്. തുടർന്ന് വ്യാഴാഴ്ച രാത്രി 12 മണി വരെ വില്ലേജ് ഓഫിസിലെ രേഖകൾ ഉൾപ്പെടെ വിജിലൻസ് സംഘം പരിശോധിച്ചു. വില്ലേജ് ഓഫിസറുടെ കൈവശം അനധികൃതമായി കണ്ട 11,620 രൂപയും വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാവിലെ തലശ്ശേരിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.