ആശങ്കയുയർത്തി തടയണയും പാലവും
text_fieldsകാഞ്ഞങ്ങാട്: മടിക്കൈ ചാർത്താങ്കാലിലെ തടയണയും പാലവും കാണുമ്പോൾ നാട്ടുകാർക്ക് ആധിയാണ്. തടയണയുടെ അരികിലെ കരിങ്കൽ ഭിത്തിയെല്ലാം തകർന്നുതുടങ്ങിയിട്ടുണ്ട്. പാലത്തിന്റെ കൈവരിയും പൊളിഞ്ഞുതുടങ്ങി. ആലമ്പാടി മോലോത്ത് വരെയുള്ള കൃഷിത്തോട്ടങ്ങളിൽ ജലസേചനം സാധ്യമാകുന്നത് ചാർത്താങ്കാലിലെ വെള്ളം കൊണ്ടാണ്. വേനലിന്റെ അവസാനം വരെയും വെള്ളമുണ്ടാകും.
ഇതുവഴിയുള്ള റോഡ് പാലത്തിനും പ്രാധാന്യമുണ്ട്. പഞ്ചായത്തിലെ മടിക്കൈ, അമ്പലത്തുകര വില്ലേജുകളിലെ പൂത്തക്കാലിനെയും എരിക്കുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മഴക്കാലത്ത് പൂർണമായും മുങ്ങുന്നതോടെ ഒരാഴ്ചയോളം ഗതാഗതം മുടങ്ങും. ഇവിടെ കിഫ്ബിയിൽ പുതിയ പാലവും റോഡും നിർമിക്കാനുള്ള ആലോചനയുണ്ടായിരുന്നു. ഇതിനായി സ്ഥലം ഉടമകളുടെ സമ്മതപത്രങ്ങൾ ഭരണസമിതി വാങ്ങി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിനായി 15 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.
മണക്കടവ് പാലവും ഈ പദ്ധതിയുടെ ഭാഗമാണ്. മണക്കടവിലെ അണക്കെട്ടും പാലവും ദുർബലമായിട്ടുണ്ട്. ഇവിടെയും മഴക്കാലത്ത് ആഴ്ചകളോളം വെള്ളം കയറുന്ന പ്രശ്നമുണ്ട്. റോഡ് ഉയർത്തുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും. അമ്പലത്തുകര വില്ലേജ് പരിധിയിലെ കിഴക്കൻ പ്രദേശങ്ങൾക്ക് നീലേശ്വരത്തേക്ക് സുഗമമായ ഗതാഗതം സാധ്യമാകാനും മണക്കടവിൽ നല്ല റോഡും പാലവും ആവശ്യമാണ്. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കിണറും മണക്കടവിലുണ്ട്. ഇവിടെ ചരൽ നീക്കംചെയ്ത് കൂടുതൽ വെള്ളം സംഭരിക്കുമ്പോൾ പുതിയ തടയണ നിർമിക്കണം. രണ്ട് പദ്ധതികളും ഒറ്റ പ്ലാനായി നടപ്പാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.