ബസുകളുടെ അധിക നിരക്ക്: നടപടിക്ക് ആർ.ടി.ഒ
text_fieldsകാഞ്ഞങ്ങാട്: ബസ് സ്റ്റാൻഡിൽ നിന്ന് മലയോരത്തേക്കുള്ള സ്വകാര്യ ബസുകൾ അധിക നിരക്ക് ഈടാക്കുന്നെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പ് നടപടിക്കൊരുങ്ങി.
കാസർകോട് ആർ.ടി.ഒ സജി പ്രസാദ് സംഭവത്തിൽ കാഞ്ഞങ്ങാട് എം.വി.ഐയിൽ നിന്ന് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികളുണ്ടാകുമെന്നാണ് സൂചന. 1974 ലെ ഫെയർസ്റ്റേജ് നിർണയിച്ച രേഖയിൽ കിഴക്കുംകര സ്റ്റേജില്ലെന്നും ഈ റൂട്ടിലെ സ്വകാര്യ ബസുകളിൽ അമിത ചാർജ് വാങ്ങുന്നെന്നായിരുന്നു വാർത്ത.
പഴയ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് ആർ.ടി ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്താൽ കിഴക്കുംകര മുതൽ പാറപ്പള്ളി വഴി മലയോരത്തേക്കുള്ള ഓരോ സ്ഥലത്തേക്കും ടിക്കറ്റ് നിരക്ക് രണ്ടുരൂപ മുതൽ മൂന്നുവരെ കുറയും. മടിക്കൈ, കാസർകോട് റൂട്ടിലെ ബസുകൾ മാവുങ്കാലിലേക്ക് മിനിമം നിരക്കായ പത്ത് രൂപ വാങ്ങുമ്പോൾ മാവുങ്കാലിന് കിഴക്ക് അമ്പലത്തറ, പാണത്തൂർ, പരപ്പ, കൊന്നക്കാട്, ചിറ്റാരിക്കാൽ, തായന്നൂർ റൂട്ടിലോടുന്ന ബസുകളിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും കൂടുതൽ ചാർജ് നൽകി വരുന്നത്. നടപടി പിഴയീടാക്കലിൽ തീരില്ല.
സ്വകാര്യ ബസുകൾ കിഴക്കുംകരയിൽ ഇല്ലാത്ത ഫെയർസ്റ്റേജിന് പണം ഈടാക്കുന്നെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പിന് ഉടനടി നടപടി സ്വീകരിക്കാം. എന്നാൽ, 1974ലെ രേഖയിൽ തന്നെ കൃത്രിമം നടന്നെന്നാണ് പരാതിക്കാരൻ പറയുന്നത്.
കാഞ്ഞങ്ങാട് -കൊന്നക്കാട് റൂട്ടിന് 53.9 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നാണ് ഫെയർസ്റ്റേജ് നിർണയിച്ച രേഖയിൽ പറയുന്നത്. 55 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ലഭിക്കാൻ കൊടുത്ത രേഖയിലുമെല്ലാം 49 കിലോമീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. പരപ്പ മുതൽ കൊന്നക്കാട് വരെ 20 കിലോമീറ്ററിന് 25 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കുന്നുണ്ട്. ഇത് ദൂരം അധികം കാട്ടിയുള്ള തട്ടിപ്പാണെന്നാണ് ആക്ഷേപം.ഏഴാംമൈൽ - തായന്നൂർ -കാലിച്ചാനടുക്കം റൂട്ടിലും ഈ തട്ടിപ്പുണ്ടെന്ന് പറയുന്നു. ഏഴാംമൈൽ മുതൽ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റർ ഓടാൻ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കുന്നുണ്ടെന്നും പറയുന്നു.
രണ്ടര കിലോമീറ്റർ അകലത്തിൽ സ്റ്റേജുകൾ വേണമെന്ന് നിയമം പറയുമ്പോൾ, ഇവിടെ ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിന് വരെ സ്റ്റേജുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി പരിഷ്കരിച്ചാൽ തായന്നൂരിൽ നിന്ന് കാഞ്ഞങ്ങാടെത്താൻ 35ന് പകരം 28 രൂപ മതി. ഇത് പരിഹരിക്കാൻ കലക്ടർ ഇടപെടണമെന്നും ആവശ്യമുണ്ട്. കാഞ്ഞങ്ങാട് - കാരാക്കോട്, കാഞ്ഞിരപ്പൊയിൽ റൂട്ടുകളിലെ ഫെയർ സ്റ്റേജ് 2022 ഏപ്രിൽ 29നായിരുന്നു പരിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.