ബൈക്കിലിടിച്ച കാർ കിണറ്റിൽ വീണു; കാറിലുണ്ടായിരുന്ന മൂന്നു കുട്ടികളടക്കം നാലുപേരെ രക്ഷപ്പെടുത്തി
text_fieldsകാഞ്ഞങ്ങാട്: ഉദുമയിൽനിന്ന് പൂച്ചക്കാടിലേക്കുള്ള യാത്രമധ്യേ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു. ആവിയിൽനിന്ന് പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്ന ഇരുചക്ര വാഹനത്തിലിടിച്ചശേഷം കാർ 15 മീറ്ററോളം ആഴമുള്ള പള്ളിയുടെ അടുത്തുള്ള കിണറിലേക്ക് വീഴുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്നു കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. ഉദുമ സ്വദേശി അബ്ദുൽ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവർ സഞ്ചരിച്ച കാറാണ് കിണറ്റിൽ വീണത്. അപകടം കണ്ടയുടൻ നാട്ടുകാരായ രാമചന്ദ്രൻ, അയ്യപ്പൻ, ബാബു എന്നിവർ ഉടൻ കിണറ്റിൽ ഇറങ്ങി രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചു.
അപ്പോഴേക്കും കാഞ്ഞങ്ങാടുനിന്നു സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഇ.വി. ലിനേഷ്, എച്ച്. നിഖിൽ കിണറ്റിൽ ഇറങ്ങിയാണ് നസീറിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തിയത്. ഇരുചക്ര വാഹനം ഓടിച്ച ഫസീല (29), ബന്ധുക്കളായ അസ്മില (14 ), അൻസിൽ (9 ) എന്നിവരെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇതിനു പിന്നാലെ കിണറിൽ അകപ്പെട്ടവരെയെയും എത്തിച്ചു. ഫസിലക്ക് പരിക്ക് അൽപം ഗുരുതരമാണ്. അഗ്നിരക്ഷ സേനയിലെ ഓഫിസർമാരായ കെ.വി. മനോഹരൻ, രാജൻ തൈവളപ്പിൽ, ശരത്ത് ലാൽ, ഹോംഗാർഡുമാരായ യു. രമേശൻ, പി. രവീന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, അബ്ദുൽ സലാം, രതീഷ് പുറമെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡിവൈ. എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് മറിഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.