ഇത്തവണ ഓണത്തിന് കുടുംബശ്രീയുടെ ചെണ്ടുമല്ലിക്കൃഷി പേരിനുമാത്രം
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ ഇത്തവണ ഓണത്തിന് കുടുംബശ്രീയുടെ ചെണ്ടുമല്ലിക്കൃഷി പേരിനു മാത്രം. മുന്‍വര്‍ഷങ്ങളിലെ ഓണവിപണിയില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കാര്‍ക്ക് വെല്ലുവിളിയുയര്ത്തിയതാണ് കുടുംബശ്രീയുടെ ചെണ്ടുമല്ലി. കുടുംബശ്രീയുടെ ചെണ്ടുമല്ലിക്കൃഷി ഇത്തവണ നാമമാത്രമായി ഒതുങ്ങിയത് ഇക്കുറി ഓണ വിപണിയിൽ ഇതര സംസ്ഥാനത്തെ പൂക്കളെതന്നെ മലയാളിക്ക് ആശ്രയിക്കേണ്ടതാക്കും. പെരിയ, ചെമ്മനാട്, ചെറുവത്തൂര്‍ സി.ഡി.എസുകള്‍ക്കു കീഴിലായി അഞ്ചേക്കറോളം സ്ഥലത്തു മാത്രമാണ് ഇത്തവണ കുടുംബശ്രീ യൂനിറ്റുകള്‍ ചെണ്ടുമല്ലി കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം ജില്ലയിലാകെ 20 ഏക്കറിലേറെ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. ഓണക്കാലത്ത് കിലോക്ക് 400 രൂപ വരെ ലഭിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ മഴയില്‍ തൈകള്‍ ചീഞ്ഞു നശിച്ചതോടെ ദീര്‍ഘകാല ലാഭം ഉണ്ടായില്ല. കര്‍ണാടകയിലും മറ്റും തുടര്‍ച്ചയായി മൂന്നുമാസത്തോളം ചെണ്ടുമല്ലി വിളവെടുക്കാറുണ്ട്. ഓണം, നവരാത്രി വിപണികള്‍ക്കൊപ്പം പെയിന്റ് ഫാക്ടറികളിലേക്കും പൂക്കള്‍ കയറ്റിയയച്ചാണ് മികച്ച ലാഭമുണ്ടാക്കുന്നത്.
ഇവിടെ ഏതാണ്ട് ഒരു മാസംകൊണ്ടുതന്നെ തൈകളെല്ലാം നശിച്ചതോടെ മുതല്‍മുടക്കിനും അധ്വാനത്തിനുമൊത്ത ലാഭമുണ്ടായില്ല. ഓണ വിപണി ലക്ഷ്യമിട്ട് നൂറേക്കറിലേറെ സ്ഥലത്ത് പൂകൃഷി നടത്താന്‍ നേരത്തേ കുടുംബശ്രീ ജില്ല മിഷന് പദ്ധതി തയാറാക്കിയിരുന്നു. ജൂണില്‍ തൈകള്‍ നടാനൊരുങ്ങുമ്പോള്‍ മഴ തീരെയില്ലാത്ത നിലയായിരുന്നു. ജൂണില്‍ മഴ കുറഞ്ഞാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ തകര്ത്തുപെയ്യുമെന്ന കണക്കുകൂട്ടലില്‍ കുടുംബശ്രീ യൂനിറ്റുകള്‍ പൂക്കൃഷിക്കിറങ്ങാന് മടിക്കുകയായിരുന്നു. കനത്ത മഴയില്‍ വെള്ളം കയറിയാല്‍ ഓണത്തിനു മുമ്പേ തൈകള്‍ നശിക്കുമെന്നുറപ്പായിരുന്നു. ഇത്തരത്തില്‍ പ്രവചനാതീതമായ കാലാവസ്ഥയാണ് പൂകൃഷിക്ക് തടസമായത്.
ചെണ്ടുമല്ലിക്കു പകരം ദീര്‍ഘകാലം നിലനില്ക്കുകയും സ്ഥിരംവിപണി ലഭിക്കുകയും ചെയ്യുന്ന കുറ്റിമുല്ല പോലുള്ളവയിലേക്ക് ശ്രദ്ധ തിരിക്കാനാണ് കുടുംബശ്രീ ജില്ല മിഷന്റെയും തീരുമാനം. പല സി.ഡി.എസുകളിലും ഇതിനകം കുറ്റിമുല്ലക്കൃഷി ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.