പുല്ലൂര്‍-പെരിയയിലും കോഴികള്‍ ചാവുന്നു
text_fieldsകാഞ്ഞങ്ങാട്: ജില്ലയില്‍ നാലാമതൊരു പഞ്ചായത്തില്‍കൂടി വനിതാവികസന പദ്ധതിപ്രകാരം വിതരണംചെയ്ത മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പുല്ലൂര്‍-പെരിയയിലാണ് വിതരണം ചെയ്ത് രണ്ടുദിവസത്തിനകം കോഴികള്‍ക്ക് രോഗബാധ പ്രത്യക്ഷപ്പെട്ടത്. മറ്റിടങ്ങളിലേതുപോലെ ഇവിടെയും രോഗബാധ മറ്റു കോഴികളിലേക്ക് പടരാന്‍ തുടങ്ങിയിട്ടുണ്ട്.
ഈസ്റ്റ് എളേരി, മുളിയാര്‍, ചെങ്കള പഞ്ചായത്തുകളിലാണ് നേരത്തേ മുട്ടക്കോഴി വിതരണം രോഗബാധക്കും കൂട്ടമരണത്തിനും വഴിതെളിച്ചത്.
ഒന്നിന് 60 രൂപ നിരക്കില്‍ നാലായിരത്തോളം കോഴികളെയാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത കോഴികള്‍ക്ക് രോഗബാധയുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് രണ്ടാം ഘട്ടത്തില്‍ നൽകിയ കോഴികള്‍ക്കാണ് രോഗം പ്രത്യക്ഷപ്പെട്ടത്.
കോഴിവസന്ത രോഗമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. താളിക്കുണ്ടിലെ തങ്കമണിയുടെ വീട്ടില്‍ പഞ്ചായത്തില്‍നിന്നും ലഭിച്ച കോഴികളില്‍നിന്ന് രോഗം പടര്‍ന്ന് നേരത്തേയുണ്ടായിരുന്ന എട്ട് മുട്ടക്കോഴികളാണ് ചത്തത്.
മറ്റു പലരും പഞ്ചായത്തില്‍ നിന്നും വാങ്ങിയ കോഴികളെല്ലാം ഇതിനകം ചത്തു. പ്രതിരോധ കുത്തിവെപ്പെടുത്ത കോഴികളെയാണ് വിതരണം ചെയ്തതെന്ന് അധികൃതര്‍ പറയുമ്പോഴും രോഗബാധ സംബന്ധിച്ച് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.