ചിത്താരിപ്പുഴ ഗതിമാറിയൊഴുകി; തടയണ തീർത്ത് നീരൊഴുക്കു തടഞ്ഞു
text_fieldsകാഞ്ഞങ്ങാട്: ചിത്താരിപ്പുഴ ഗതിമാറിയൊഴുകിയതോടെ അജാനൂർ മീനിറക്കു കേന്ദ്രത്തിനു ഭീഷണിയായതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പു തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടയണ നിർമിച്ചു. അഴിമുഖത്ത് നൂറുകണക്കിന് കൊത്തോലയും മുളയും വടവും രണ്ടായിരത്തോളം മണൽചാക്കുകളും ചേർത്തുവെച്ച് തടയണ തീർത്ത് പുഴയുടെ നീരൊഴുക്കു തടഞ്ഞു.
ബുധനാഴ്ച രാവിലെ ആറു മണിയോടെ ക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തിൽ തടയണ പ്രവൃത്തി തുടങ്ങി. ഉച്ചയാകുമ്പോഴേക്കും വെള്ളം തടഞ്ഞുനിർത്താനായി. ചിത്താരിക്കടപ്പുറത്തുനിന്നും ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ ചിത്താരി പുഴയിലെ നീരൊഴുക്ക് അറബിക്കടലിലേക്കാണ്.
ഇങ്ങനെ പോയാൽ മീനിറക്കു കേന്ദ്രത്തിനു ഭീഷണി ഉണ്ടാകാറില്ല. നാലുവർഷം മുമ്പ് പുഴ ഗതിമാറി മീനിറക്കു കേന്ദ്രത്തിനു സമീപത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ ചേർന്ന് ഒരു ലക്ഷത്തോളം രൂപ ചെലവാക്കി ഇതുപോലെ മണൽചാക്കുകൾ നിരത്തി സംരക്ഷിച്ചിരുന്നു. കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരായ അമ്പാടി കാരണവർ, ഗോപി കൂട്ടായി, വാർഡ് അംഗം കെ. രവീന്ദ്രൻ, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ എ. പൃഷ്കരൻ, എ. വേണു, പ്രാദേശിക തലം കൂട്ടായ്മയിലെ എ.കെ. നന്ദനൻ, എ. പ്രശാന്തൻ തുടങ്ങിയവർ തടയണ നിർമാണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.