കൂളിയങ്കാലിൽ സംഘർഷം: പൊലീസ് ഇൻസ്പെക്ടർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: കൂളിയങ്കാലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ ഇൻസ്പെക്ടറുടെ പൊട്ടിയ ലാത്തിയുടെ ഒരു ഭാഗം കൈക്കലാക്കിയ യുവാവ്, തിരിച്ചു ആക്രമിക്കുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടറുടെ കണ്ണിനാണ് പരിക്കേറ്റത്. പൊലീസുദ്യോഗസ്ഥൻ ജില്ല ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ഒദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനുൾപ്പെടെ കൂളിയങ്കാലിലെ മുഹമ്മദ് മുഫ്സീറിനെ (21) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയാണ് സംഭവം. കൂളിയങ്കാലിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിൽ ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തുമ്പോൾ സ്ഥലത്ത് 15 ഓളം പേർ കൂടിനിൽക്കുന്നതായി കണ്ടു. ഇവരോട് പിരിഞ്ഞു പോകാൻ പറഞ്ഞെങ്കിലും തയാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
സംഘർഷത്തിലേർപ്പെട്ടവരെ പിരിച്ചുവിടുന്ന സമയത്താണ് ഇൻസ്പെക്ടറുടെ ലാത്തി പൊട്ടി ഒരുഭാഗം യുവാവിന്റെ കൈവശമായത്. ലാത്തി യുവാവ് തിരിച്ചു വീശിയതിൽ ഇൻസ്പെക്ടറുടെ വലതു കണ്ണിന് കൊണ്ട് പരിക്കേൽക്കുകയായിരുന്നു.
സംഘർഷമുണ്ടായ സ്ഥലത്ത് ഷർട്ട് ധരിക്കാതെ നിൽക്കുകയായിരുന്ന യുവാവിനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ രണ്ട് പേർ തടയാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഘർഷത്തിൽ മർദനമേറ്റ കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിനെ (24) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കൂളിയങ്കാലിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവാവിന്റെ പരാതിയിൽ ആറു പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിന്റെ (24) പരാതിയിൽ റുഫൈദ്, നാസർ, ടി. റൈനാസ്, സി.കെ. റിയാസ്, ഫായിസ്, മൻസൂർ എന്നിവർക്കെതിരെയാണ് കേസ്. സംഘം ചേർന്ന് തടഞ്ഞുവെച്ച് മരവടി കൊണ്ടും താക്കോൽ കൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചതായാണ് പരാതി.
പ്രതികൾ കഞ്ചാവ് വിൽപന നടത്തുന്നതായി ഷാക്കിർ പ്രചരിപ്പിച്ചെന്ന് പറഞ്ഞാണ് അക്രമിച്ചതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.