ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം -ഹൈകോടതി ചീഫ് ജസ്റ്റിസ്
text_fieldsകാഞ്ഞങ്ങാട്: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അഷീഷ് ജിതേന്ദ്ര ദേശായ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും ഇത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കാസർകോട് ഹോസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലിയുടെ ഒരുവർഷം നീളുന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആദ്യമായി കേസ് കൊടുത്ത ജില്ലയാണ് കാസർകോടെന്നും ഭരണഘടന സംരക്ഷിക്കുന്നതിനായിരുന്നു കേശവാനന്ദ ഭാരതി കേസുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ജസ്റ്റിസ് ബെച്ചു കുര്യൻ നിർവഹിച്ചു.
ഭരണഘടനയും ജുഡീഷ്യറിയും ആസ്പദമാക്കിയുള്ള സെമിനാറിൽ മുൻ എം.പി സെബാസ്റ്റ്യൻ പോളും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ അഡ്വ. ടി. ആസഫലിയും പങ്കെടുത്തു. അഡ്വ. പി. നാരായണൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.ടി. ജോസഫ് സ്വാഗതവും അഡ്വ. കെ.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത എന്നിവർ സംസാരിച്ചു. സംഘാടകസമിതി വർക്കിങ് ചെയർമാൻ അഡ്വ. എം.സി. ജോസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ സംഗമവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.