കാഞ്ഞങ്ങാട് നഗരസഭ; ചെയർപേഴ്സൻ ഇടഞ്ഞു, അബ്ദുല്ലയെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എം, ഐ.എൻ.എൽ ജില്ല നേതാക്കളോട് ആവശ്യപ്പെട്ടു. ചെയർപേഴ്സനും വൈസ് ചെയർമാനും തമ്മിൽ ഭിന്നത ഉടലെടുത്തത് രൂക്ഷമായതിനു പിന്നാലെയാണ് ഐ.എൻ.എല്ലിനെ വെട്ടിലാക്കി സി.പി.എം ആവശ്യം.
അടുത്തകാലത്തായി വൈസ് ചെയർമാനെതിരെ ചില വിഷയങ്ങളിൽ ശക്തമായ ആരോപണങ്ങൾ ചെയർപേഴ്സൻ ഉയർത്തിയിരുന്നു. ഇത് ഇടതുമുന്നണി നഗര ഭരണത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ചെമ്മട്ടംവയൽ മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടും നഗരത്തിലെ ഒരു ഹോട്ടലിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടും ഉൾപ്പെടെ വൈസ് ചെയർമാനെതിരെ ആരോപണമുയർന്നിരുന്നു. ഏതാനും ആഴ്ച മുമ്പ് നടന്ന ഇടതുമുന്നണി യോഗത്തിൽ ചെയർമാനും വൈസ് ചെയർമാനും തമ്മിൽ കൊമ്പുകോർക്കുകയും ചെയ്തു.
വൈസ് ചെയർമാനുമായി ഒത്തുപോകാൻ കഴിയില്ലെന്ന് ചെയർപേഴ്സൻ കെ.വി. സുജാത യോഗത്തിൽ തുറന്നടിച്ചു. ചെയർപേഴ്സന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സി.പി.എം മുൻകൈയെടുത്ത് സി.പി.എം-ഐ.എൻ.എൽ നേതാക്കളുടെ അടിയന്തരയോഗം വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് സുജാത, ബിൽടെക്കിനെതിരെ നിലപാട് കടുപ്പിച്ചതും സി.പി.എം തങ്ങളുടെ നിലപാട് ഐ.എൻ.എൽ നേതാക്കളെ അറിയിച്ചതും.
ബിൽടെക് അബ്ദുല്ല വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് മാറണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടത്. തീരുമാനം ഉടൻ അറിയിക്കാനും സി.പി.എം നിർദേശിച്ചിട്ടുണ്ട്. ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹൻ, ചെയർപേഴ്സൻ കെ.വി. സുജാത, മുൻ ചെയർമാൻ വി.വി. രമേശൻ, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് എം. ഹമീദ് ഹാജി, ജില്ല സെക്രട്ടറി അസീസ് കടപ്പുറം, ബിൽടെക് അബ്ദുല്ല എന്നിവർ യോഗത്തിൽ പങ്കെടുത്തെന്നാണ് സൂചന.
യോഗത്തിൽ നഗരസഭ ഭരണത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ഉയർന്നതായാണ് വിവരം. 43 അംഗ നഗരസഭ കൗൺസിലിൽ വൈസ് ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് ഐ.എൻ.എല്ലിനുള്ളത്. വൈസ് ചെയർമാനെ മാറ്റി സി.പി.എം ഈ പദവി ഏറ്റെടുത്ത് പകരം ഐ.എൻ.എല്ലിന് രണ്ടു സ്ഥിരം സമിതി ചെയർമാൻമാരെ നൽകാമെന്ന നിർദേശം സി.പി.എം യോഗത്തിൽ വെച്ചു. എന്നാൽ, ഐ.എൻ.എൽ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതേത്തുടർന്നാണ് ഐ.എൻ.എൽ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം നിർദേശിച്ചത്. അതേസമയം വൈസ് ചെയർമാൻ പദം ഒഴിഞ്ഞ് രണ്ടു സ്ഥിരം സമിതി ചെയർപേഴ്സൻ പദം സ്വീകരിക്കുന്നതിനോട് ഐ.എൻ.എല്ലിന് യോജിപ്പില്ല.
സംസ്ഥാനത്തു തന്നെ ഐ.എൻ.എല്ലിനുള്ള ഏക വൈസ് ചെയർമാൻ പദവിയാണ് കാഞ്ഞങ്ങാട്ടുള്ളത്. ഈ സാഹചര്യത്തിൽ സി.പി.എമ്മിന്റെ സമ്മർദത്തിന് വഴങ്ങി വൈസ് ചെയർമാനെ മാറ്റിയാൽ പകരം ഐ.എൻ.എല്ലിലെ നജ്മ റാഫിയെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അവശേഷിക്കുന്ന മറ്റൊരു ഐ.എൻ.എൽ അംഗമായ ഫൗസിയ ഷെരീഫിന് ഐ.എൻ.എല്ലിനെക്കാൾ വിധേയത്വം സി.പി.എമ്മിനോടാണെന്നതിനാലാണ് നജ്മ റാഫിയെ കൊണ്ടുവരണമെന്ന് ഐ.എൻ.എൽ ആഗ്രഹിക്കുന്നത്. ഐ.എൻ.എല്ലിനെ കൂടാതെ ഇടതുമുന്നണിക്ക് 21 അംഗങ്ങളാണുള്ളത്.
ഇടതുമുന്നണിയിൽ ലോക് താന്ത്രിക് ഒന്ന്, ജനതാദൾ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 19 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. യു.ഡി.എഫിന് 13 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ആറും. ബിൽടെക്കിനെതിരെ ഐ.എൻ.എല്ലിലും വിമർശനം നിലനിൽക്കെ അടുത്ത ദിവസം ചേരുന്ന ഐ.എൻ.എൽ ജില്ല കമ്മിറ്റി പ്രക്ഷുബ്ധമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.