മറക്കില്ല, ബദരിയ പള്ളിക്ക് കുഞ്ഞാമനോടുള്ള കടപ്പാട്
text_fieldsകാഞ്ഞങ്ങാട്: ബദരിയ ജുമാമസ്ജിദിനടുത്താണ് കല്ലൂരാവിയിലെ കുഞ്ഞാമെൻറ വീട്. രണ്ടുനിലയും മിനാരവും ഖുബ്ബയും അടങ്ങുന്ന ഇന്നത്തെ ജുമാമസ്ജിദിനെ ഈ നിലയിലാക്കിയതിനുപിന്നിൽ തോയമ്മൽ കുഞ്ഞാമെൻറ വിയർപ്പുമുണ്ട്. 1973ൽ ചെറിയ നിലംപൊത്താറായ ഓടുമേഞ്ഞ പള്ളിയായിരുന്നു ഇത്. പള്ളിയുടെ തൊട്ടടുത്ത് വീടായത് കൊണ്ടുതന്നെ 1973ൽ നിർമാണ സമയത്ത് സജീവമായിരുന്നു, കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച തോയമ്മൽ കുഞ്ഞാമൻ.
നിർമാണ സമയത്ത് കൊവ്വൽ സ്റ്റോറിനടുത്തായിരുന്നു കല്ലും മറ്റും ഇറക്കിയത്. പള്ളി ഭാരവാഹികളോടൊപ്പം കല്ലും മണ്ണും ചുമക്കാൻ മുൻപന്തിയിലായിരുന്നു കല്ലൂരാവിക്കാരുടെ കുഞ്ഞാമേട്ടൻ. തറ നിറക്കുന്നതുതൊട്ട് പഴയ പള്ളിയുടെ ഉദ്ഘാടനം വരെ ഒരു ദിവസമൊഴിയാതെ നിർദേശങ്ങൾ നൽകിയും പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഖബറിലേക്കുള്ള കല്ലും മറ്റും സൗജന്യമായി നൽകാനും കുഞ്ഞാമൻ മടിച്ചിരുന്നില്ല. പള്ളിയിൽ നടക്കുന്ന നേർച്ചക്കും പിന്നീടുള്ള ഭക്ഷണ വിതരണത്തിനും നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നുവെന്ന് 1973ൽ കല്ലൂരാവിയിൽ ഖത്തീബായി സേവനമനുഷ്ഠിച്ച അബ്ദുറഹ്മാൻ ഉസ്താദ് പറഞ്ഞു.
വെളുത്ത വസ്ത്രധാരിയായിരുന്നു കുഞ്ഞാമൻ. ഉസ്താദുമാരെപോലെ വെളുത്ത ഷാൾകൊണ്ട് തല മയ്റക്കും. പള്ളിയുടെ നിർമാണം കഴിഞ്ഞിട്ടും പള്ളിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനാണെങ്കിലും സഹായത്തിന് കുഞ്ഞാമനെത്തിയിരുന്നതായി അദ്ദേഹം ഓർത്തെടുക്കുന്നു. ബുധനാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് കുഞ്ഞാമൻ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.