കെട്ടിടങ്ങൾക്ക് അപാകത; ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നേട്ടീസ്
text_fieldsകാഞ്ഞങ്ങാട്: നഗരത്തിലെ നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ കെട്ടിടങ്ങളുടെ തറ വിസ്തീർണ അനുപാതം (എഫ്.എ.ആർ) നിർണയിച്ചതിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്ക് കാഞ്ഞങ്ങാട് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നഗരത്തിലെ 10ലധികം നിലകളുള്ള കെട്ടിടം ഉൾപ്പെടെ ഒന്നിലധികം കെട്ടിടങ്ങളിൽ എഫ്.എ.ആർ നിർണയിച്ചതിൽ വ്യാപകമായ ക്രമക്കേട് സി.എ.ജി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി. നിർമാണ കാലാവധി രണ്ടു തവണയിലധികം നീട്ടിനൽകിയിട്ടും നഗരസഭക്ക് കോടികളുടെ നഷ്ടമാണുണ്ടായതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി.
ഈ കെട്ടിടത്തിന്റെ പ്ലാനിൽ ഒന്നിലധികം സിനിമശാലകൾ ഉൾപ്പെടെ ഉണ്ടെങ്കിലും ഇവ എഫ്.എ.ആറിൽ ഉൾപ്പെടുത്തിയിട്ടിയില്ലെന്നും കണ്ടെത്തിയിരുന്നു. ഇത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തിയിരുന്നു. കെട്ടിട അളവിനെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നഗരസഭയിൽനിന്ന് സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥരാണ് ഇവർ. അലാമിപ്പള്ളിയിൽ ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഒരേക്കറിലധികം സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ട്.
ഇതു തിരികെ പിടിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗവും തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥർക്ക് നഗരസഭ നോട്ടിസ് അയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ സർവിസിൽനിന്ന് വിരമിച്ചവരുമുണ്ട്. സി.എ.ജിയുടെ റിപ്പോർട്ടിൽ തന്നെ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടിസ് അയക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.
ആദ്യ പ്ലാൻ അനുസരിച്ച് മൂന്ന് വർഷം പൂർത്തിയാകാത്ത കെട്ടിടത്തിന് മൂന്ന് വർഷത്തേക്ക് കൂടി നിർമാണാനുമതി നീട്ടി നൽകിയപ്പോഴും കൃത്രിമം കണ്ടെത്താതെയാണ് അനുമതി പുതുക്കിനൽകിയത്. തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ അഡീഷനൽ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട 24.5 ലക്ഷം രൂപയും നഗരസഭക്ക് നഷ്ടമായതായി റിപ്പോർട്ടിലുണ്ട്. കോടികൾക്ക് മുകളിൽ ഇതുമൂലം നഗരസഭക്ക് നഷ്ടം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.