താളങ്ങൾ തകിടം മറിച്ചു; കോഴികർഷകനായി ശ്രീരേഷ്
text_fieldsകാഞ്ഞങ്ങാട്: താളങ്ങൾ തകിടം മറിച്ച കോവിഡിൽ ജീവിതതാളം നിലച്ച് വെള്ളിക്കോത്ത ശ്രീരേഷ് എന്ന കലാകാരൻ. കലക്കായി ജീവിതം മാറ്റിെവച്ച് അതിൽനിന്നുള്ള വരുമാനത്തിൽ ജീവിതമെഴുതിയ നൂറുകണക്കിന് കലാകാരന്മാരിലൊരാളാണ് ശ്രീരേഷ്. സെമി ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, നാടോടി നൃത്തം എന്നീയിനങ്ങളിൽ മികവുപുലർത്തിയ കലാകാരനാണ് ഈ ചെറുപ്പക്കാരൻ.
കലാമേഖലയിലേക്കു പൂർണമായി തിരിച്ചുവരവിന് എത്ര കാലമെടുക്കുമെന്ന് അറിയാത്ത അവസ്ഥയിൽ പകച്ചുനിൽക്കാതെ കോഴികൃഷി തുടങ്ങിയിരിക്കുകയാണിയാൾ. മുട്ടക്കുവേണ്ടിയാണ് കോഴിയെ വളർത്തുന്നത്. 12,500 രൂപ ചെലവിട്ടാണ് കോഴിയും കുടും വാങ്ങിച്ചത്. നേരത്തേ നൃത്തം പഠിപ്പിച്ചതിൽ നിന്നും ലഭിച്ച സമ്പാദ്യത്തിൽനിന്നാണ് ചെലവഴിച്ചത്. ഒരു മുട്ടക്ക് ഏഴു രൂപ നിരക്കിൽ ജീവിതം മുന്നോട്ടുപോവുകയാണെന്ന് ശ്രീരേഷ് പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും അതിലും വലിയ പുരോഗതിയുണ്ടായില്ല. കൊറോണ നീണ്ടുപോവുകയാണെങ്കിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് വലിയ ചോദ്യമായി മുന്നിൽതന്നെയുണ്ട്.
സ്റ്റേജിൽ മിമിക്സ്, ഗാനമേള തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാരിൽ പലരും ജീവിക്കാൻ മറ്റു ജോലികൾ ചെയ്യേണ്ട ഗതികേടിലായി. സ്കൂൾ, കോളജ് കലോത്സവങ്ങളും സ്റ്റേജ് പരിപാടികളുമൊക്കെ തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ശ്രീരേഷ് പറഞ്ഞു. ക്ഷേത്രോത്സവം, ക്ലബ് വാർഷികങ്ങൾ, കല്യാണങ്ങൾ, മറ്റു പരിപാടികൾ എന്നിങ്ങനെ വർഷംമുഴുവൻ പരിപാടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.