മാധവി ടീച്ചർ പറഞ്ഞു; 'ബൊക്കെ നൽകി കുട്ടികളെ സ്വീകരിക്കണം'
text_fieldsകാഞ്ഞങ്ങാട്: 'സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂ, ഒന്നര വർഷത്തിലേറെയായി എെൻറ മക്കളെ കണ്ടിട്ട്. കൃഷ്ണൻ മാഷേ, പല വർണത്തിലുള്ള പൂക്കൾകൊണ്ട് ബൊക്കെകളുണ്ടാക്കണം. ഒന്നാം തീയതി വിദ്യാലയത്തിന് മുന്നിലെത്തുന്ന എന്‍റെ കുരുന്നു മക്കൾക്ക് എനിക്ക് അത് നൽകണം' മരിക്കുന്നതിന് തലേദിവസം, പ്രധാനാധ്യാപക ചുമതലയുള്ള കൃഷ്ണൻ മാഷിനോട് മാധവി ടീച്ചർ പറഞ്ഞ വാക്കുകളാണിത്. കുരുന്നുകളെ സ്വന്തം മക്കളെ പോലെയായിരുന്നു അവർ കണ്ടത്. സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി അധ്യാപകർക്കുള്ള ട്രെയിനിങ്ങും കുട്ടികൾക്ക് ബൊക്കെയും നിർമിച്ച് സ്റ്റാഫ് റൂമിലെ ഷെൽഫിൽ വെച്ച് ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ടീച്ചർ വീട്ടിലേക്ക് മടങ്ങിയത്. 2020 ഫെബ്രുവരിയിലാണ്
അടോട്ടുകയ ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ ടീച്ചറെത്തുന്നത്. മലയാളം അധ്യാപികയായിരുന്നു. ബുധനാഴ്ച രാത്രി മൂന്നാം ക്ലാസിനായിരുന്നു ക്ലാസുണ്ടായിരുന്നത്. ചെറിയ കുട്ടികൾക്ക് പെട്ടെന്ന് പാഠഭാഗങ്ങൾ മനസ്സിലാക്കാൻവേണ്ടി ഒരുപാട് ആക്ടിവിറ്റികൾ ഉണ്ടാക്കിയെടുത്തിരുന്നു.
കോവിഡ് രൂക്ഷമായ സമയത്ത് ഗൂഗ്ൾ മീറ്റ് വഴിയും കോവിഡിൽ ഇളവുകൾ വന്നപ്പോൾ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെക്കുറിച്ച് അന്വേഷണം നടത്തുകയും അവർക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി അടോട്ടുകയ എൽ.പി സ്കൂളിൽ വലിയ രീതിയിലുള്ള പ്രവേശനോത്സവ മുന്നൊരുക്കങ്ങളായിരുന്നു മാധവി ടീച്ചറുടെ നേതൃത്വത്തിൽ നടന്നത്. അടുത്ത മാസമാദ്യം സ്കൂൾ തുറക്കാനിരിക്കെ മുന്നോടിയായി എല്ലാ വീടുകളിലും കയറി ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു.
ബുധനാഴ്ച രാത്രി 7.30നാണ് ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് തുടങ്ങിയത്. കുട്ടികളെ മൊബൈൽ ഫ്രെയിമിൽ കണ്ട ശേഷം എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ടായിരുന്നു ക്ലാസ് തുടങ്ങിയത്. ക്ലാസ് 45 മിനിറ്റ് കഴിഞ്ഞതോടെ ടീച്ചർക്ക് ചുമയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ കുട്ടികളോട് പാഠഭാഗങ്ങളിലെ മറ്റു സംശയങ്ങളും കവിതയും നാളെ ചൊല്ലിത്തരാമെന്നുപറഞ്ഞ് ഗൂഗ്ൾ മീറ്റ് ലോഗൗട്ട് ചെയ്തതിനുശേഷം നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ക്ലാസിനിടെയുള്ള അധ്യാപികയുടെ വേർപാട് നാടിെൻറ നൊമ്പരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.