എസ്.ഐയുടെ മരണം: കേസെടുത്തു
text_fieldsകാഞ്ഞങ്ങാട്: പൊലീസ് ക്വാർട്ടേഴ്സിൽ എലിവിഷം കഴിച്ച് എസ്.ഐ മരിച്ച സംഭവത്തിൽ കേസ്. അസ്വാഭാവിക മരണത്തിനാണ് ബേഡകം പൊലീസ് കേസെടുത്തത്. ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജയനാണ് (49) മരിച്ചത്. കള്ളാർ ചിറക്കോടിക്കലെ പി.സി. മുത്തു (55) പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിപ്രകാരമാണ് കേസ്.
ബേഡകം എസ്.ഐ ആയിരുന്ന കെ. വിജയൻ കഴിഞ്ഞ 29ന് ഉച്ച 12ഓടെ പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകീട്ട് 6.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചെന്നാണ് മൊഴി. പനത്തടി പാടി സ്വദേശിയാണ്.
ജീവനൊടുക്കാനുള്ള കാരണം പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.30ന് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പൊതുദർശനം നടക്കും. 9.30ന് ബേഡകം പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനു വെക്കും. 11ഓടെ മാനടുക്കം പാടിയിലുള്ള വീട്ടിൽ സംസ്കാരം നടക്കും.
വിശദമായ അന്വേഷണം വേണം -ഡി.സി.സി
കാസർകോട്: തെരഞ്ഞെടുപ്പ് ദിവസം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് നൽകിയ വ്യാജ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.എസ്.ഐ വിജയൻ ആത്മഹത്യ ചെയ്തത് അത്യന്തം വേദനജനകമാണ്. കള്ളക്കേസിൽ നടപടി സ്വീകരിക്കാൻവേണ്ടി സി.പി.എം നേതാക്കളുടെ സമ്മർദം താങ്ങാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
സി.പി.എം നേതാക്കളുടെ നിയമവിരുദ്ധമായ ഇടപെടലുകളും ഉനൈസിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്താനുള്ള സമ്മർദവുമാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്.
ആത്മഹത്യക്ക് കാരണക്കാരായ മുഴുവൻ കുറ്റവാളികളെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
സമഗ്രമായി അന്വേഷിക്കണം -സി.പി.എം
കാസർകോട്: ബേഡകം എസ്.ഐയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണം അപലപനീയമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
എസ്.ഐയുടെ മരണം തീർത്തും നിർഭാഗ്യകരമായ സംഗതിയാണ്. അതിലേക്ക് വഴിവെച്ചകാര്യങ്ങൾ സമഗ്രമായി അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരണം. തെരഞ്ഞെടുപ്പ് ദിവസം മുതൽ കോൺഗ്രസ് നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങളുടെ ഭാഗമായാണ് എസ്.ഐയുടെ മരണത്തെ പോലും വലിച്ചിഴക്കുന്നത്. എസ്.ഐയുടെ ആത്മഹത്യശ്രമം എല്ലാവരും അറിയുന്നതിനുമുമ്പുതന്നെ കോൺഗ്രസുകാർ പാർട്ടിക്കെതിരെ പ്രചാരണം തുടങ്ങി.
മുതിർന്ന കോൺഗ്രസ് നേതാക്കൾതന്നെ ഇതിന് നേതൃത്വം നൽകി. ഇത്തരം ഹീനമായ പ്രചാരണം നടത്തിയവർക്കെതിരെയും അന്വേഷണം വേണം. എസ്.ഐയുടെ മരണകാരണം എന്താണെന്ന് അടിയന്തരമായി പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കണമെന്നും പാർട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ബാലകൃഷ്ണൻ പറഞ്ഞു.
കൊലക്കുറ്റത്തിന് കേസെടുക്കണം -ഉണ്ണിത്താൻ
കാസർകോട്: കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യു.ഡി.എഫ് ബൂത്ത് ഏജന്റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സി.പി.എം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം. ഉനൈസിനെതിരെ വ്യാജ പീഡനപരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ വിജയനുമേൽ സി.പി.എം നേതൃത്വം സംസ്ഥാനഭരണത്തിന്റെ ധാർഷ്ട്യത്തിൽ നിരന്തരം സമ്മർദം ചെലുത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
വ്യാജ പരാതിയാണെന്ന് മനസ്സിലാക്കിയ വിജയൻ തുടരന്വേഷണം നടത്തിയതിനുശേഷം മാത്രമേ തുടർനടപടി എടുക്കാൻ കഴിയൂവെന്ന നിലപാടിൽ ഉറച്ചുനിന്നു.
ഭരണകക്ഷിയുടെ നേതാക്കളുടെ സമ്മർദം സഹിക്കാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ വിജയൻ പൊലീസ് ക്വാട്ടേഴ്സിൽ ആത്മഹത്യക്ക് ശ്രമിക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരിക്കുകയുമാണ് ഉണ്ടായത്. ഉത്തരവാദികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.