ടൂറിസം വില്ലേജ് പ്രഖ്യാപനം; പൊയ്യക്കരയിൽ പ്രതീക്ഷയുടെ പൊൻതിളക്കം
text_fieldsകാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി.ആർ.ഡി.സിയുടെ കൈവശമുള്ള 33 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് പദ്ധതി നടപ്പാക്കുമെന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആഹ്ലാദത്തിലമർന്ന് നാട്.
അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ടൂറിസം വില്ലേജ് മന്ത്രി പ്രഖ്യാപിച്ചത്.
1996ലാണ് ബി.ആർ.ഡി.സി റിസോട്ടുകൾ നിർമിക്കാൻ ചിത്താരി വില്ലേജിൽ പൊയ്യക്കരയിൽ 31.5 ഏക്കർ സ്ഥലവും അജാനൂർ വില്ലേജിൽ കൊത്തിക്കാലിൽ 1.5 ഏക്കർ സ്ഥലവും സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുത്തത്. സ്ഥലം റിസോർട്ട് നിർമാണത്തിന് തൃശൂർ ആസ്ഥാനമായ ജോയിസ് ഗ്രൂപ്പിന് പാട്ടത്തിന് നൽകിയിരുന്നു.
എന്നാൽ, തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പദ്ധതി ഉപേക്ഷിച്ചു പോയി. സാങ്കേതിക പ്രശ്നം കാരണം അതിനു ശേഷവും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് റിസോർട്ട് ഇതര ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തിന് അനുയോജ്യമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ബി.ആർ. ഡി.സി എം.ഡി യായി ഷിജിൻ പറമ്പത്ത് ചുമതല ഏറ്റെടുത്ത ശേഷം പദ്ധതിയുടെ കാര്യങ്ങൾ വേഗത്തിൽ നീക്കി.
ഏതാണ്ട് 50 കോടി രൂപ നിക്ഷേപം വരുന്ന ബൃഹത് പദ്ധതിയായിട്ടാണ് ബേക്കൽ ടൂറിസം വില്ലേജ് വിഭാവനം ചെയ്തിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ നിർമിതികൾ മാത്രമാണ് ഉണ്ടാവുക. റിവർസൈഡ് പാർക്ക്, ഹട്ട്, ബോട്ടിങ്, ലൈവ് ഫിഷ് കാച്ചിങ് സെന്റർ, നാടൻ ഭക്ഷണ ശാലകൾ തുടങ്ങി സാധ്യമാവുന്ന എല്ലാ കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.