എൻഡോസൾഫാൻ ഇരയുടെ മൃതദേഹത്തോട് അവഗണന
text_fieldsകാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇര അജാനൂർ മൂലക്കണ്ടത്തെ സാസിയയുടെ മൃതദേഹത്തോട് ജില്ല ആശുപത്രിയിൽ ചൊവ്വാഴ്ച പോസ്റ്റ് മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായത് കടുത്ത അവഗണന. അഞ്ച് മിനിറ്റ് വൈകിയെന്ന് പറഞ്ഞാണ് ജില്ല ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നിഷേധിച്ചത്.
എന്നാൽ ഇവിടെ അടുത്തകാലത്തുവരെ രാത്രിയിലും പോസ്റ്റ് മോർട്ടം നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഏഴിന് രാവിലെ 10 ന് സാസിയയെ വീട്ടിൽ അബോധാവസ്ഥയിൽ കാണുന്നത്. ഉറക്കമുണരാത്തതിനാൽ വീട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എൻഡോസൾഫാൻ ബാധിതയായ സാസിയ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു.
പരിശോധിച്ച ഡോക്ടർ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതർ ഇൻറിമേഷൻ നൽകിയ ശേഷം പോസ്റ്റ് മോർട്ടം നടപടിക്കായി ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടം നടപടിക്കുവേണ്ടി ഉച്ചക്ക് രണ്ടുമണിക്ക് ചെമ്മട്ടംവയലിലെ ജില്ല ആശുപത്രിയിലേക്ക് മൃതദേഹമെത്തിച്ചിരുന്നു.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ച് ഇൻക്വസ്റ്റ് ചെയ്യുന്നതിനായി പൊലീസിന് കൈമാറി. പൊലീസ് നാലു മണിയോടുകൂടി ഇൻക്വസ്റ്റ് പൂർത്തീകരിച്ച് റിപ്പോർട്ട് മെഡിക്കൽ ഓഫിസർക്ക് കൈമാറിയതാണ്.
പോസ്റ്റ് മോർട്ട നടപടികൾ ആരംഭിക്കാത്തതിനാൽ ഡ്യൂട്ടി ഡോക്ടറുമായി പിതാവ് കെ.വി. ഉമ്മറും ഒപ്പമുണ്ടായിരുന്നവരും കാര്യമാരാഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടാൻ നാലു മണി കഴിഞ്ഞെന്നും നാലു മണിവരെ മാത്രമേ പോസ്റ്റുമോർട്ടം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നുമാണ് ഡോക്ടർ ബന്ധുക്കളെ അറിയിച്ചത്.
പൊതുപ്രവർത്തകർ ഉൾപ്പെടെ സംസാരിച്ചപ്പോൾ അസിസ്റ്റൻറ് സ്റ്റാഫ് ഇല്ലാത്തത് മൂലം പോസ്റ്റ് മോർട്ടം ചെയ്യാൻ സാധിക്കില്ലെന്നായി ഡോക്ടർ. ചൊവ്വാഴ്ച തന്നെ പോസ്റ്റുമോർട്ടം നടത്തണമെങ്കിൽ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ നിർദേശം.
രാത്രിയോടെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ ബന്ധപ്പെട്ട രേഖകളിൽ ജില്ല ആശുപത്രി സൂപ്രണ്ടിന്റെ സീലും ഡോക്ടറുടെ ഒപ്പും ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം ചെയ്യാൻ സാധിക്കില്ലെന്ന് ജനറൽ ആശുപത്രിയിൽ നിന്നുമറിയിച്ചു.
ബന്ധുക്കൾ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ബന്ധപ്പെട്ട ശേഷം പൊലീസ് ഡി.എം.ഒയുമായി സംസാരിക്കുകയും ഡി.എം.ഒ നിർദേശം നൽകിയതോടെയാണ് പോസ്റ്റ് മോർട്ടത്തിന് വഴിതെളിഞ്ഞത്. പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചത് രാത്രി 8.45 ഓടെയായിരുന്നു.
ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 12.30നാണ് 24കാരിയായ സാസിയയുടെ മൃതദേഹം ഖബറടക്കം ചെയ്തത്. സമയത്തിന്റെ പേരിലടക്കം നിസ്സാര കാരണങ്ങളാൽ പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ മറ്റ് ആശുപത്രികളിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയക്കുന്നത് ജില്ല ആശുപത്രിയിൽ മുമ്പുമുണ്ടായിട്ടുണ്ട്.
ജില്ല ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലും രാത്രിയിലും പോസ്റ്റ് മോർട്ടം നടത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് സാസിയ യുടെ മൃതദേഹത്തോട് കടുത്ത നീതികേട് കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.