കട്ടപ്പുറത്തായി ജില്ല ആശുപത്രി ആംബുലൻസ്; ഉപയോഗിക്കുന്നത് സ്വകാര്യ വാഹനം
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയുടെ ആംബുലൻസ് കട്ടപ്പുറത്ത് കയറിയിട്ട് മാസം എട്ടുകഴിഞ്ഞു. ബാറ്ററി തകരാറിലെന്ന നിസ്സാര കാരണത്താലാണ് ആകെയുള്ള രണ്ട് ആംബുലൻസുകളിൽ ഒന്ന് ആശുപത്രി കെട്ടിടങ്ങൾക്ക് പിന്നിലേക്ക് തള്ളിയത്. മണിക്കൂറുകൾക്കകം തുച്ഛമായ തുക നൽകിയാൽ പരിഹരിക്കാമെന്നിരിക്കെ അധികൃതരുടെ അവഗണനകൊണ്ടുമാത്രം ആംബുലൻസ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നു.
പ്രധാനപ്പെട്ട ആംബുലൻസ് കട്ടപ്പുറത്തായതോടെ മറ്റൊരു ചെറിയ ആംബുലൻസ് മാത്രമായി ആധുനിക സർക്കാർ ആശുപത്രിയുടെ ഗതാഗത സൗകര്യം. ആംബുലൻസ് സഹായം നിത്യവും നിരവധി രോഗികൾക്ക് വേണ്ടിവരുന്നുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന രോഗികളെയെത്തിക്കാൻ ഒന്നിലേറെ ആംബുലൻസുകൾ എല്ലാ ദിവസവും വേണ്ടിവരുമ്പോഴാണ് ദുരവസ്ഥ. ഭീമമായ വാടക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുകയാണ് ഇപ്പോൾ.
40 കിലോമീറ്റർ പരിയാരത്തേക്ക് രോഗികളെയെത്തിക്കാൻ 1700 രൂപ സ്വകാര്യ ആംബുലൻസുകൾക്ക് ആരോഗ്യ വിഭാഗത്തിൽനിന്ന് നൽകുന്നുണ്ട്. നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാകേണ്ട ആംബുലൻസാണ് നിസ്സാര കാരണത്താൽ തുരുമ്പെടുക്കുന്നത്. സമാന കാരണത്താൽ വർഷങ്ങളായി കട്ടപ്പുറത്തായിരുന്ന സഞ്ചരിക്കുന്ന കണ്ണാശുപത്രി വാഹനം കഴിഞ്ഞ മാസം പ്രവർത്തനസജ്ജമാക്കിയപ്പോഴും ജീവന്റെ വിലയുള്ള ആംബുലൻസിനെ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.