ഡ്രൈവറുടെ മനഃസാന്നിധ്യം; 11കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അസാമാന്യ മനഃസാന്നിധ്യത്തിൽ 11 വയസ്സുകാരന് പുനർജന്മം.
സംസ്ഥാനപാതയിൽ കഴിഞ്ഞദിവസം വൈകീട്ട് കൊവ്വൽപള്ളി ടൗണിലാണ് സംഭവം. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലൂടെ കുട്ടി റോഡ് മുറിച്ചുകടന്ന് ഓടുകയായിരുന്നു. ടർഫ് ഗ്രൗണ്ടിൽ പോയി മടങ്ങിയ കുട്ടി കിഴക്കുഭാഗത്തേക്ക് ഓടുകയായിരുന്നു. കണ്ടുനിന്നവരെല്ലാം കുട്ടി ബസിനടിയിൽ പെട്ടെന്നാണ് കരുതിയത്.
കൊവ്വൽപള്ളിയിൽ സ്റ്റോപ്പില്ലാത്ത ബസ് വേഗത്തിലായിരുന്നു. ഡ്രൈവർ സർവശക്തിയുമെടുത്ത് റോഡിന്റെ മറുഭാഗത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.ഈ സമയം തിരക്കേറിയ റോഡിൽ മറ്റ് വാഹനമില്ലാത്തത് വലിയ അപകടവുമൊഴിവാക്കി. റോഡുവക്കിൽ ആളില്ലാത്തതും തുണയായി. ആറങ്ങാടിചീനമ്മാടത്ത് സ്വദേശിയായ കുട്ടി ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ കഴിവിനെ നാട്ടുകാരാകെ പ്രശംസിച്ചു. രണ്ടുദിവസം മുമ്പും സമാന സംഭവത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഡ്രൈവർക്ക് നാടിന്റെ ആദരം
കാഞ്ഞങ്ങാട്: പതിനൊന്ന് വയസ്സുകാരന്റെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ നാടൊന്നാകെ ആദരിച്ചു. ബസിന് മുന്നിൽപെട്ട 11 വയസ്സുകാരന് ജീവൻ തിരിച്ചുകിട്ടിയത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അസാമാന്യ മനഃസാന്നിധ്യത്തിലായിരുന്നുവെന്ന് കണ്ടാണ് ജനങ്ങൾ ഡ്രൈവറെ ആദരിച്ചത്.പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ റഹൂഫായിരുന്നു ധീരത കാണിച്ചത്. പിറ്റേദിവസം കുട്ടിയെ രക്ഷിച്ച അതേസമയം വൈകീട്ട് ബസ് കണ്ണൂരിലേക്ക് പോകുമ്പോൾ തടിച്ചുകൂടി ആളുകൾ അദ്ദേഹത്തെയും ബസിനെയും കൊവ്വൽപള്ളിയിൽ വരവേറ്റ് ഊഷ്മള സ്വീകരണം നൽകി.
കൊവ്വൽപള്ളി പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ചടങ്ങിലേക്ക് കുട്ടിയും മാതാപിതാക്കളുമെത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വലിയ സന്തോഷമാണ് ഡ്രൈവർക്ക് മുന്നിൽ പ്രകടിപ്പിച്ചത്. കുട്ടി റോഡ് മുറിച്ച് ഓടുന്നതിന്റെയും കുട്ടിയെ ബസ് ഇടിച്ചു ഇടിച്ചില്ലെന്ന രീതിയിൽ ഡ്രൈവർ ബസ് വെട്ടിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യം കണ്ട ആർക്കും ഈ കെ.എസ്.ആർ.ടി.സി ഡ്രൈവറെ അനുമോദിക്കാതിരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.