മയക്കുമരുന്ന് പരാമർശം: നിര്‍മാതാവ് എം. രഞ്ജിത്തിനെതിരെ സംവിധായകൻ സുധീഷ് ഗോപിനാഥ്
text_fieldsകാഞ്ഞങ്ങാട്: സിനിമകളുടെ ഷൂട്ടിങ് ഇപ്പോൾ കാസർകോട് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സിനിമ സംവിധായകര്‍. ‘മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കാസര്‍കോട്ടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യംകൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടുമാണെന്നും സുധീഷ് പറയുന്നു. അധികം പകര്‍ത്തപ്പെടാത്ത കാസര്‍കോടിന്റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവുമൊക്കെയാവാം സിനിമ പ്രവര്‍ത്തകരെ ഇവിടേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.
കാസര്‍കോട്ടുനിന്ന് സിനിമാമോഹവുമായി വണ്ടികയറിപ്പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്ന് സ്വതന്ത്രസംവിധായകരും കാസ്റ്റിങ് തീരുമാനിക്കുന്നവരുമൊക്കെ ആയതുമാണ് സിനിമ ഇവിടേക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂരിൽ ഷൂട്ട് ചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ വൻ വിജയമായപ്പോള്‍ കാസര്‍കോട് അടക്കമുള്ള പ്രദേശത്തുനിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തകസംഘം ഉണ്ടായി വന്നു. അവർക്ക് ആ വിജയം നല്കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ടുവന്നു.
സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍ കാസര്‍കോട്ടെത്താം. താമസത്തിന് ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍, വിജയകരമായ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് നല്കിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതല്‍ സിനിമകളെ കാസർകോട്, പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ടുവന്ന മറ്റു കാരണങ്ങള്‍.
ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്ക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ്. ഷൂട്ടിങ് സമയത്ത് എന്റെ ക്രൂ മെംബർമാർ എല്ലാം വീടുകളിലായിരുന്നു താമസിച്ചിരുന്നത്. നന്മയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണ് താമസിക്കാന്‍ വീട് വിട്ടുതന്നത്. അത് എന്റെ സിനിമയുടെ ബജറ്റ് കുറയ്ക്കാന്‍ വലിയ കാരണമായിട്ടുണ്ട്.
ജൂനിയര്‍ ആക്ടേഴ്സിന് എറ്റവും കുറവു പണം ചെലവഴിച്ച സിനിമയാണ് ‘മദനോത്സവം’. കാരണം ഓരോ സ്ഥലങ്ങളിലെയും ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചതുകൊണ്ടാണ്. അവര്‍ കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണെന്നും സുധീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘തിങ്കളാഴ്ച നിശ്ചയം’ സിനിമയുടെ സംവിധായകന് സെന്ന ഹെഗ്ഡെയും രഞ്ജിത്തിനെതിരെ വിമര്‍ശനവുമായെത്തി. ‘അതുകൊണ്ടായിരിക്കും വന്ദേഭാരത് കാസര്‍കോടുവരെ നീട്ടിയതെന്നും എട്ടു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വന്ന് സാധനം വാങ്ങി മടങ്ങാല്ലോ’ എന്നുമായിരുന്നു സെന്നയുടെ കമന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.