ഡി.ടി.പി.സി ഓണാഘോഷം; ഭാരതീയ വൈവിധ്യം വിളിച്ചോതി ഇന്ത്യന്‍ വസന്തോത്സവം
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ല ഭരണ സംവിധാനം, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം തുടരുന്നു. കാഞ്ഞങ്ങാട് പൈതൃക ചത്വരത്തില്‍ ഭാരത് ഭവന് അവതരിപ്പിച്ച ഇന്ത്യന്‍ വസന്തോത്സവത്തില്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം നിറഞ്ഞുനിന്നു.
വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര് അവതരിപ്പിച്ച തനത് നൃത്തങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവമായി. തമിഴ്നാട്ടില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിച്ച തമിഴ് നാടോടി നൃത്തമായ കരകാട്ടത്തോടെയായിരുന്നു തുടക്കം. അസാമിലെ ബോറോ വിഭാഗത്തിന്റെ നൃത്തവും അസമിന്റെ ദേശീയ ഉത്സവമായ ബിഹു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബിഹു നൃത്തവും വേദിയിലെത്തി.
അസാമീസ് സംസ്കാരത്തിന്റെ മുഖമുദ്രയായ ബിഹു, വേഗതയേറിയ ചുവടുകളും കര ചലനങ്ങളും പരമ്പരാഗത വസ്ത്രധാരണം കൊണ്ടും ശ്രദ്ധേയമായി. ഗുജറാത്തിലെ ഡാങ്കി ഗോത്രത്തിന്റെ ഡാങ് നൃത്തവും തമിഴ് നാടോടി നൃത്തവും മികവുറ്റതായി. ജില്ല കലക്ടര്‍ കെ. ഇമ്പശേഖറും കുടുംബവും സബ് കലക്ടര്‍ സൂഫിയാന് അഹമ്മദും പരിപാടികള്‍ കാണാനെത്തി. സെപ്റ്റംബര്‍ 28ന് കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. ഇന്ന് കാഞ്ഞങ്ങാട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.