കോടതികളിലെ ജോലിഭാരത്തിനു മുകളില്‍ അധിക ബാധ്യതയായി ഇ-ഫയലിങ്
text_fieldsകാഞ്ഞങ്ങാട്: തീരുമാനമാകാതെ നീളുന്ന കേസുകളുടെ ഭാരത്തിനൊപ്പം കോടതി നടപടികളുടെ ഡിജിറ്റലൈസേഷന് നടപടിക്രമങ്ങളും അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും വിനയാകുന്നു. കോടതികളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളെല്ലാം സ്കാന്‍ ചെയ്ത് ബന്ധപ്പെട്ട പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്ന ഇ-ഫയലിങ് നിര്‍ബന്ധമാക്കിയതോടെ കേസുകള്‍ക്ക് നമ്പറും തീയതിയും കിട്ടാന്‍ ദിവസങ്ങളെടുക്കുന്ന നിലയാണ്.
പത്തും ഇരുപതും പേജുകള്‍ വരുന്ന അപേക്ഷകളുടെ ഓരോ പേജും സ്കാന്‍ ചെയ്ത് ഡിജിറ്റലൈസേഷന് നടത്തി അപ് ലോഡ് ചെയ്യുന്നത് മണിക്കൂറുകളെടുക്കുന്ന പ്രയത്നമാണ്. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനക്ഷമതയിലും അപാകതകളുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു.
ഓരോ പേജും അപ് ലോഡ് ആകുന്നത് സാവധാനമാണെന്നതിനൊപ്പം ചെറിയ സാങ്കേതിക പിഴവുകളെന്തെങ്കിലും സംഭവിച്ചാല്‍ അത് ശരിയാക്കുന്നതിനു പകരം ആദ്യംമുതല്‍ തുടങ്ങാനാണ് ആവശ്യപ്പെടുന്നത്. പകല്‍സമയത്ത് സെര്‍വര്‍ ഹാങ് ആകുന്നതിനാല്‍ രാത്രി വൈകുംവരെ ഇരുന്ന് അപ് ലോഡിങ് നടത്തേണ്ട അവസ്ഥയും ഉണ്ടാകുന്നു.
പലയിടങ്ങളിലും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഇതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ ഓരോ കേസിന്റെയും ഫയലുകള്‍ ഒറ്റൊറ്റ പേജുകളായി അപ് ലോഡ് ചെയ്യുന്നത് ജൂനിയര്‍ അഭിഭാഷകരുടെ ചുമതലയാണ്. കോടതിയില്‍ പോകാനോ സ്വന്തമായി കേസുകള്‍ ശ്രദ്ധിക്കാനോ നേരമില്ലാതെ വൈകീട്ടുവരെ ഫോട്ടോസ്റ്റാറ്റ് കടയിലെന്നപോലെ സ്കാനിങ്ങും അപ് ലോഡിങ്ങും ചെയ്യേണ്ട അവസ്ഥയാണെന്ന് ജൂനിയര്‍ അഭിഭാഷകന് പറയുന്നു.
ഇ -ഫയലിങ് സമ്പ്രദായത്തിലെ അപാകതകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ ചില തരത്തിലുള്ള കേസുകള്‍ ഇതില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ കൂടുതല്‍ കുറ്റമറ്റതും വേഗത്തിലുമുള്ളതുമാക്കണമെന്നും ഇ-ഫയലിങ്ങിന്റെ ചുമതല അഭിഭാഷകരില്‍ നിന്നുമാറ്റി കോടതി ജീവനക്കാര്‍ക്ക് കൈമാറണമെന്നുമാണ് അഭിഭാഷകരുടെ പക്ഷം.
ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന തങ്ങള്‍ക്ക് ഇ -ഫയലിങ് ചുമതല കൂടി കൈമാറാനുള്ള നിര്‍ദേശത്തെ അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകളും പറയുന്നു. കോടതി നടപടികള്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി കേസിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഏതു സമയത്തും ലഭ്യമാക്കുന്നതിനായി തുടങ്ങിയ ഇ കോര്‍ട്ട് സംവിധാനവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.