തീരത്തെ കരക്കടുപ്പിക്കാൻ വലത്; ‘ബർത്താനം’കൊണ്ട് വോട്ടാക്കാൻ ഇടത്
text_fieldsകാഞ്ഞങ്ങാട്: കണ്ണൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കണ്ണൂർ കാസർകോട്, പാർലമെന്റ് മണ്ഡലം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിനു ശേഷം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തീരദേശ മേഖലയിൽ പ്രചാരണം നടത്തി. കുശാൽ നഗറിൽ ആരംഭിച്ച സ്വീകരണ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തീരദേശ മേഖലയിൽ മത്സ്യബന്ധന ഹാർബറുകൾ പുതിയതായി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സംസാരിച്ചതും തീരദേശ ജനതയുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടതും ശ്രദ്ധയിൽപെടുത്തി.
കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെയും അജാനൂർ പഞ്ചായത്തിലെയും തീരദേശ മേഖലയിലൂടെ സഞ്ചരിച്ച് സ്ഥാനാർഥിയുടെ പര്യടനം ചിത്താരി നോർത്തിൽ സമാപിച്ചു. ബല്ല കടപ്പുറത്ത് പ്രചാരണ പൊതുയോഗം എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. സുരേഷ്, ബഷീർ വെള്ളിക്കോത്ത്, വൺ ഫോർ അബ്ദുൽ റഹ്മാൻ, ടി.വി. ഉമേശൻ, രഘുനാഥ്, സി.വി. തമ്പാൻ, അഡ്വ. എൻ.എ. ഖാലിദ്, സി. മുഹമ്മദ് കുഞ്ഞി, എം. കുഞ്ഞികൃഷ്ണൻ, ബി.പി. പ്രദീപ് കുമാർ, എം.പി. ജാഫർ, വി. ഗോപി, കെ.പി. ബാലകൃഷ്ണൻ, കൂക്കൾ ബാലകൃഷ്ണൻ, എം.കെ. അബൂബക്കർ ഹാജി, റസാക്ക് തായിലക്കണ്ടി, കെ. മുഹമ്മദ് കുഞ്ഞി, പി. ബാലകൃഷ്ണൻ, എക്കാൽ കുഞ്ഞിരാമൻ, വി.വി. സുഹാസ് എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
ഉദുമ: എൽ.ഡി.എഫ് ഉദുമ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ നാടകവണ്ടി 'ബർത്താനം' തെരുവുനാടകം അരങ്ങുകൾ കീഴടക്കി മുന്നോട്ട്. ഏപ്രിൽ ഏഴിന് ആരംഭിച്ച യാത്ര കൊട്ടിക്കലാശം വരെ തുടരും. വിജയൻ കാടകം ആശയാവിഷ്കാരം നിർവഹിച്ച തെരുവുനാടകം സംവിധാനം ചെയ്തത് നാടക പ്രവർത്തകൻ റഫീഖ് മണിയങ്ങാനമാണ്. പുരോഗമന കലാസാഹിത്യ സംഘം ഉദുമ, ബേഡകം ഏരിയകളുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകരായ മധു ബേഡകം, ലോഹി പെരിങ്ങാനം, ശശി ആറാട്ടു കടവ്, നാരായണൻ പയ്യങ്ങാനം, വിനോദ് മേൽപ്പുറം, ഷിംന ശശി ആറാട്ടു കടവ്, ദാമോദരൻ കരിഞ്ചാൽ, രാജു അരമങ്ങാനം, ഋതു നന്ദ് ബേഡകം, അതുൽ ദേവ് ബേഡകം എന്നിവരാണ് അരങ്ങത്ത്. ലോക്സഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നാടകമെന്ന ജനകീയ കലാമാധ്യമത്തെ സമരായുധമാക്കി നേരിന്റെ പൊള്ളുന്ന ചോദ്യങ്ങളുമായാണ് ബർത്താനം തുടങ്ങുന്നത്.
വർഗീയതയും മാനവികതയും തമ്മിലുള്ള ജനാധിപത്യ യുദ്ധത്തിൽ മനുഷ്യ നന്മയുടെ പതാകയേന്തി നന്മയുള്ളവരെല്ലാം ഇടതുപക്ഷത്ത് അണിചേരണമെന്ന ആഹ്വാനവുമായാണ് നാടകം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.