എൻഡോസൾഫാൻ: കാഞ്ഞങ്ങാട്ടെ സമരം അവസാനിപ്പിച്ചു
text_fieldsകാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷന് മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതർ 135 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവരോടൊപ്പം ആർ. അജയൻ, പി. ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, മരുന്നും ചികിത്സയും നൽകുക, വിവാദ ഉത്തരവ് പിൻവലിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ.
സമരസമിതി യോഗത്തിൽ സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജയകുമാർ കോടോത്ത്, മാധവൻ മാഷ് കരിവെള്ളൂർ, ഹക്കീം ബേക്കൽ, തമ്പാൻ വാഴുന്നൊറടി, സതീദേവി എരമം, പ്രമീള ചന്ദ്രൻ, മധുസൂദനൻ കരിവെള്ളൂർ തുടങ്ങിയവർ സംസാരിച്ചു. പി. ഷൈനി സ്വാഗതവും ബേബി അമ്പിളി നന്ദിയും പറഞ്ഞു.
സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ഒന്നര വർഷമായി ചേരാതിരുന്ന സെൽ യോഗം എത്രയും വേഗം നടത്താൻ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എൻഡോസൾഫാൻ സമരസമിതി നേതാക്കളുടെയും എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ എന്നിവരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഉറപ്പുനൽകിയത്.
എൻഡോസൾഫാൻ ബാധിതരുടെ ലിസ്റ്റിൽനിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കുക, രോഗികൾക്ക് മരുന്നും ചികിത്സയും നൽകുക, സെൽയോഗം ചേരുക, വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരസമിതി ഉന്നയിച്ചത്. സമരസമിതിക്കുവേണ്ടി ആർ. അജയൻ, പി. ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.