പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച: രണ്ടുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: പുല്ലൂരിലെ പ്രവാസി പ്രമുഖന്‍ പത്മനാഭന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മംഗളൂരു കടുമോട്ടയിലെ നുസൈര്‍ എന്ന പഷവത്ത് നസീര്‍(25), സഹോദരന്‍ മുഹമ്മദ് ഷാഹിദ് (20) എന്നിവരാണ് പിടിയിലായത്. മറ്റൊരു കേസില്‍ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത പഷവത്തിനെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി ഒമ്പതിനും 14നും ഇടയിലാണ് പുല്ലൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. പത്മനാഭൻ കുടുംബസമേതം ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പറമ്പിൽ വെള്ളം നനക്കുന്നതിനായി പുല്ലൂരിലെ സുധാകരനെ ചുമതലപ്പെടുത്തിയിരുന്നു. ഒമ്പതിന് പറമ്പില്‍ വെള്ളം നനച്ചുപോയ സുധാകരന്‍ 14ന് വീണ്ടും പറമ്പില്‍ എത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ പൊളിച്ചതായി കണ്ടത്. പത്മനാഭന്‍ ഗള്‍ഫില്‍നിന്നും നാട്ടിലെത്തി വീട് പരിശോധിച്ചപ്പോള്‍ 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും 22000 രൂപ വിലവരുന്ന എയര്‍കോഡും മോഷണം പോയതായി കണ്ടെത്തി.
വീടിന്റെ മുഴുവന്‍ വാതിലുകളും മാരകായുധം ഉപയോഗിച്ച് കേടുവരുത്തിയിരുന്നു. മോഷണം പോയ മൊബൈല്‍ഫോണാണ് മോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത്. സൈബര്‍സെല്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ മംഗളൂരുവിലെ ഒരു യുവതി ഉപയോഗിക്കുന്നതായി കണ്ടെത്തി. മോഷ്ടാക്കളായ സഹോദരങ്ങളുടെ ബന്ധുവായ യുവതിയാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ഇതിനിടയില്‍, പത്മനാഭന്റെ വീട്ടില്‍നിന്നും ലഭിച്ച ഒരു വിരലടയാളം ബേക്കല്‍സ്റ്റേഷനില്‍ നടന്ന മോഷണക്കേസിലും ഉള്‍പ്പെട്ട പ്രതിയുടേതാണെന്ന് ബേക്കല്‍ പൊലീസും തിരിച്ചറിഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മഞ്ചേശ്വരത്തുനിന്ന് ഒരു റാഡോ വാച്ച് മോഷണം പോയത്. ഈ വാച്ച് വില്‍ക്കാനിടയുള്ള മംഗളൂരുവിലെ കടകളില്‍ മഞ്ചേശ്വരം പൊലീസ് വിവരം നല്‍കിയിരുന്നു.
വാച്ചുമായി മോഷ്ടാക്കള്‍ ഒരു കടയില്‍ വില്‍പനക്കെത്തിയപ്പോള്‍ കടയുടമ പൊലീസിനെ വിവരമറിയിച്ചു. മഞ്ചേശ്വരം പൊലീസ് പ്രതികളെ പിടികൂടാന്‍ മംഗളൂരു പൊലീസിന്‍റെ സഹായം തേടി. ഉടന്‍ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസുകാരെ കുത്തിപ്പരിക്കേൽപിച്ച് ഇരുവരും ഓടിരക്ഷപ്പെട്ടു.
ഒരു എസ്.ഐയെ കുത്തിവീഴ്ത്തിയെങ്കിലും പൊലീസിന് പഷവത്തിനെയും സഹോദരനെയലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. മംഗളൂരു ജയിലില്‍ കഴിയുമ്പോഴാണ് പുല്ലൂരിലെ മോഷണക്കേസില്‍ തെളിവെടുപ്പിനായി അമ്പലത്തറ പൊലീസ് പഷവത്തിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
മജലിലെ കമ്പനിയിലെ കവർച്ച: രണ്ടുപേർകൂടി പിടിയില്‍
കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍നിന്ന് കടത്തിയ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. അസം സ്വദേശികളായ സെയ്തുല്‍ (26), റോബിയല്‍ (22) എന്നിവരെയാണ് എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാഗേഷ്, ഷാജി എന്നിവര്‍ പിടികൂടിയത്. ഇവരില്‍നിന്ന് 980 എണ്ണം അസംസ്‌കൃത സാധനങ്ങളും അരലക്ഷം രൂപയും പിടികൂടി. ഇരുവരെയും കാസർകോട് ടൗൺ പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ, കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളാണ് മജലിലെ കമ്പനിയില്‍നിന്ന് മോഷണം പോയത്.
ഇവിടെനിന്ന് മൂന്ന് സ്‌കൂട്ടറുകൾ കവര്‍ന്നെങ്കിലും പിന്നീട് കാസര്‍കോട് റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശികളായ ആറുപേരാണ് അസംസ്‌കൃത വസ്തുക്കള്‍ കടത്തിയത്. ഇവരെ സഹായിച്ച ആളടക്കം ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിലാണ് സാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പതിനഞ്ചര ലക്ഷത്തിലേറെ രൂപ വിലവരുന്ന അസംസ്‌കൃത സാധനങ്ങളാണ് കമ്പനിയിൽനിന്ന് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.