വീണ്ടും കള്ളനോട്ടുകൾ പിടിച്ചു
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറ കള്ളനോട്ട് പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് വീണ്ടും കള്ളനോട്ട് പിടിച്ചു. ഗുരുപുരത്തെ വാടകവീട്ടിൽനിന്ന് ഏഴു കോടിയോളം രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ വയനാട്ടിൽ പിടിയിലായ സുലൈമാന്റെ മൗവ്വൽ പരണ്ടാനം വീട്ടിൽനിന്നാണ് ശനിയാഴ്ച അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ വീണ്ടും കള്ളനോട്ടുകൾ കണ്ടെത്തിയത്. പിൻവലിച്ച 2000 രൂപയുടെ നാല് നോട്ടുകളാണ് വീട്ടിൽനിന്ന് കണ്ടെടുത്തത്. പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു കണ്ടെടുത്തത്.
സുലൈമാനെയും പെരിയ സി.എച്ച് ഹൗസിൽ അബ്ദുറസാഖിനെയും (51) വൈകീട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചോദ്യംചെയ്യലിൽ ഏഴു കോടിയോളം രൂപയുടെ കള്ളനോട്ടുകളുടെ ഉറവിടം പ്രതികളിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 2000 രൂപയുടെ ഇടപാടുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആർ.ബി.ഐയിൽ ഇപ്പോൾ നോട്ടുകൾ സ്വീകരിക്കുന്നുണ്ട്.
മൊത്തമായി ആർ.ബി.ഐ നോട്ട് സ്വീകരിക്കുന്നില്ല. ചില്ലറയായി നോട്ടുകൾ സ്വീകരിക്കുന്നത് മുതലെടുത്ത് നോട്ടിരട്ടിപ്പ് മോഹികളെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. കൈവശമുള്ളത് പിൻവലിച്ച ഒറിജിനൽ 2000 രൂപയുടെ നോട്ടുകളാണെന്നും ആർ.ബി.ഐയിൽ ഇത് മാറാമെന്നും വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി.
ഒരു കോടിയുടെ 2000 രൂപ നോട്ടുകൾ 10 ലക്ഷം രൂപക്ക് നൽകാമെന്നും ആർ.ബി.ഐ വഴി ചില്ലറയായി മാറിയാൽ ഒരു കോടി മുഴുവനായും ലഭിക്കുമെന്നും പ്രതികൾ പലരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ചിലരെങ്കിലും പ്രതികളുടെ വലയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരായുണ്ടെന്ന് പൊലീസ് കരുതുന്നു. ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയവരാണ് വിവരം പൊലീസിന്റെ ചെവിയിലെത്തിച്ചതെന്നാണ് കരുതുന്നത്. അബ്ദുറസാഖിന് സുലൈമാനാണ് നോട്ടുകൾ എത്തിച്ചത്. ഇതിന്റെ ബാക്കി ഒഴിഞ്ഞതാകാം വീട്ടിൽകണ്ട നാലു നോട്ടുകളെന്ന് കരുതുന്നു. പ്രതികളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.