കടുവ ഇറങ്ങിയതായി വ്യാജ പ്രചാരണം; വനംവകുപ്പ് നടപടിക്ക്
text_fieldsകാഞ്ഞങ്ങാട്: ഭീമനടി കമ്മാടം കടുവ ഇറങ്ങി ആടിനെ പിടിച്ചതായുള്ള പ്രചാരണത്തെ തുടർന്ന് നാട്ടുകാർ ഭീതിയിൽ. ജനപ്രതിനിധികളിൽനിന്ന് ഉൾപ്പെടെ ഫോറസ്റ്റ് ഓഫിസുകളിലേക്ക് രാത്രി തുടരെ ഫോൺകാൾ വന്നതോടെ ഒടുവിൽ വനപാലകർക്ക് രാത്രിയിൽ തന്നെ സമൂഹ മാധ്യമത്തിൽ വിശദീകരണം നടത്തേണ്ടിവന്നു.
നവ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തി രാത്രി ഒരു പ്രദേശത്തെ ഭീതിയിലാക്കിയവരെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രാഹുൽ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു റബർ തോട്ടത്തിലും വീട്ടിലേക്കുള്ള വഴിയിലും നിൽക്കുന്ന രണ്ട് കടുവകളുടെ ഫോട്ടോയും വോയിസും പ്രചരിച്ചത്. പാലക്കുന്ന് കമ്മാടംഭാഗത്ത് കടുവ ഇറങ്ങി ആടിനെ പിടിച്ചു, സൂക്ഷിക്കുക എന്നതായിരുന്നു പ്രചാരണം. കടുവ ഇറങ്ങിയെന്ന വ്യാജ പ്രചാരണത്തിനുമുമ്പ് കമ്മാടത്ത് പുലിയിറങ്ങിയതായും പ്രചരിച്ചിരുന്നു. കമ്മാടം കാവിനടുത്താണ് പുലിയിറങ്ങിയതെന്നാണ് സംശയം. പൊടോര ഗണേശന്റെ വീട്ടുപറമ്പിൽ കെട്ടിയ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.
കഴുത്തിന് മാരക മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥരും ചിറ്റാരിക്കാൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇത് കാട്ടുപൂച്ചയുടെ കടിയേറ്റ് ചത്തതാണെന്നും സംശയമുണ്ട്. സ്ഥലത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ആടിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. റിപ്പോർട്ട് ലഭിച്ചാലേ കൊന്നത് പുലിയാണോയെന്ന് വ്യക്തമാകു. കാട്ടുപൂച്ചയുടെ കാൽപാടുകൾ പ്രദേശത്തുനിന്ന് ലഭിച്ചതായും വനപാലകർ പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽനിന്ന് ദൃശ്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.