ഫെയർ സ്റ്റേജ്: മലയോര റൂട്ടുകൾ അളന്നു
text_fieldsകാഞ്ഞങ്ങാട്: സ്വകാര്യ ബസുകളുടെ ഫെയർസ്റ്റേജ് അപാകതകൾ പരിഹരിക്കാൻ കാഞ്ഞങ്ങാടിന്റെ മലയോര റൂട്ടുകളിൽ മോട്ടോർവാഹന വകുപ്പ് സ്ഥല പരിശോധനകൾ നടത്തി. കാഞ്ഞങ്ങാട്-പാണത്തൂർ, ഒടയം ചാൽ-കൊന്നക്കാട്, ഏഴാംമൈൽ- കാലിച്ചാനടുക്കം റൂട്ടുകൾ ആദ്യഘട്ടത്തിൽ അളന്നു.
കാസർകോട് ആർ.ടി.ഒ സജി പ്രസാദിന്റെ നിർദേശപ്രകാരമുള്ള പരിശോധനക്ക് കാഞ്ഞങ്ങാട് ജോ. ആർ.ടി.ഒയുടെ ചുമതലയുള്ള എം.വി.ഐ എം. വിജയൻ, കെ.വി. ജയൻ, ജയരാജ് എന്നിവരും ഹോസ്ദുർഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ എ.വി. പ്രദീപ്കുമാർ, കെ.വി. രവി, ഹസൈനാർ ലീഡർ, പ്രിയേഷ്, രതീഷ് എന്നിവരും പരാതിക്കാരൻ രഹ്നാസും പങ്കെടുത്തു. ഉച്ചക്ക് 2.20ന് തുടങ്ങിയ പരിശോധന ഏഴുവരെ നീണ്ടു. വിശദമായ റിപ്പോർട്ട് ആർ.ടി.ഒക്ക് സമർപ്പിക്കുമെന്ന് എം. വിജയൻ പറഞ്ഞു.
മലയോരത്തേക്കുള്ള ബസുകൾ കിഴക്കും കരയിൽ ഇല്ലാത്ത ഫെയർസ്റ്റേജിന് നിരക്ക് ഈടാക്കുന്നെന്നായിരുന്നു പരാതി. 1974ലെ ഫെയർ സ്റ്റേജ് നിർണയിച്ച രേഖകളും മറ്റ് വകുപ്പുകളിൽനിന്നുള്ള വിവരാവകാശ രേഖകളും പരാതിക്കാരൻ സമർപ്പിച്ചിരുന്നു.
കൊന്നക്കാട്, തായന്നൂർ റൂട്ടുകളിൽ ദൂരം അധികം കാട്ടി നിരക്ക് നിശ്ചയിച്ചെന്നും ആരോപിച്ച് പരാതിക്കാരൻ ഗതാഗതവകുപ്പ് മന്ത്രിയെ ഉൾപ്പെടെ സമീപിച്ചു.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് നിയമനടപടി തുടങ്ങിയിരുന്നു. ഇതോടെ, ബസുടമകൾ ആർ.ടി.ഒയെ സമീപിച്ച് പരാതിക്കാരന്റെ ആവശ്യത്തിന് പുറമെ പാണത്തൂർ റൂട്ട്കൂടി അളന്ന് പരിഷ്കരണവും അതുവരെ നിയമനടപടി നിർത്തിവെക്കാനും ആവശ്യപ്പെട്ടു. ഇതോടെയാണ് മൂന്ന് റൂട്ടുകളും അളക്കാനിടയായത്.
സ്റ്റേജ് പരിഷ്കരണത്തോടെ കാഞ്ഞങ്ങാട്-ഒടയം ചാൽ-കൊന്നക്കാട് റൂട്ടിലും കാഞ്ഞങ്ങാട് ഏഴാംമൈൽ കാലിച്ചാനടുക്കം റൂട്ടിലും ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും. ജില്ലയിലെ എല്ലാ റൂട്ടുകളിലെയും ഫെയർസ്റ്റേജ് അപാകതകൾ പരിഹരിക്കാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ജില്ല വികസനസമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.