ഫെയർ സ്റ്റേജിൽ ഇല്ലാത്ത നിരക്ക് യാത്രക്കാരിൽനിന്ന് ഈടാക്കുന്നു
text_fieldsകാഞ്ഞങ്ങാട്: നഗരത്തിൽനിന്ന് അമ്പലത്തറ വഴി മലയോരത്തേക്കുള്ള സ്വകാര്യ ബസുകൾ ഫെയർ സ്റ്റേജിൽ ഇല്ലാത്ത നിരക്ക് യാത്രക്കാരിൽനിന്ന് ഈടാക്കുന്നതായി പരാതി. മടിക്കൈ, കാസർകോട് റൂട്ടിലെ ബസുകൾ മാവുങ്കാലിലേക്ക് മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോൾ, അമ്പലത്തറ വഴിയുള്ള ബസുകൾക്ക് 13 രൂപയാണ് ഈടാക്കുന്നത്. കിഴക്കും കരയിൽ തങ്ങൾക്ക് സ്റ്റേജുള്ളതാണ് നിരക്ക് വ്യത്യാസത്തിന് കാരണമായി ഈ റൂട്ടിലെ ബസുടമകൾ പറയുന്നത്.
1974 ഒക്ടോബർ 28ന് പ്രാബല്യത്തിൽവന്ന കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിലെ ഫെയർ സ്റ്റേജിലും 1974 ഒക്ടോബർ 18ന് നടന്ന ആർ.ടി.എ യോഗത്തിൽ അംഗീകരിച്ച കൊന്നക്കാട്-ഒടയംചാൽ- കാഞ്ഞങ്ങാട് റൂട്ടിലെ ഫെയർ സ്റ്റേജുകളിലും കിഴക്കുംകര കാണാനില്ല. അതേസമയം, കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിന് 53.9 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നാണ് ഫെയർ സ്റ്റേജ് നിർണയിച്ച രേഖയിൽ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകൾ പെർമിറ്റ് ലഭിക്കാൻ കൊടുത്ത രേഖയിലും 49 കിലോ മീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. ഈ രീതിയിൽ ഫെയർസ്റ്റേജ് പരിഷ്കരിച്ചാൽ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്കിൽ 5-8 രൂപയുടെയും മാവുങ്കാൽ മുതൽ പരപ്പ വരെ 2-3 രൂപയുടെയും കുറവ് വരുമെന്നാണ് പറയുന്നത്. ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്റെ മറവിൽ മാത്രം പ്രതിദിനം വലിയ തുക സ്വകാര്യ ബസുകൾക്ക് കൂടുതലായി ലഭിക്കും.
തങ്ങൾക്ക് കിഴക്കും കരയിൽ ഔദ്യോഗികമായി തന്നെ ഫെയർ സ്റ്റേജുള്ളതായി കെ.എസ്.ആർ.ടി.സി നൽകിയ മറുപടിയിൽ പറയുന്നു. മോട്ടോർ വാഹന ചട്ടങ്ങൾ 1989, ചട്ടം 211 ആണ് ഇതിന് അധികാരം നൽകുന്നത്.
പാണത്തൂർ, കൊന്നക്കാട് പോലെയുള്ള സ്ഥലങ്ങളിൽനിന്ന് കൂടുതൽ ടിക്കറ്റ് നിരക്കുള്ള സ്ഥിരം യാത്രക്കാർക്ക് സ്വകാര്യ ബസുകൾ ചെറിയ ഇളവുകൾ നൽകി ആകർഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഇതിന് നിയമതടസ്സവുമുണ്ട്. വെള്ളരിക്കുണ്ട്-കാലിച്ചാനടുക്കം-ഏഴാംമൈൽ-കാഞ്ഞങ്ങാട് റൂട്ടിൽ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ഓർഡിനറി സർവിസൊന്നുമില്ലെങ്കിലും മുമ്പ് ഇതുവഴി ഫെയർസ്റ്റേജ് നിർണയിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകാർ വാങ്ങുന്ന പോർക്കളം സ്റ്റേജ് ഒഴിവാക്കിയിട്ടു പോലും 40 കിലോമീറ്റർ ദൂരത്തിന് 50 കിലോമീറ്ററിന്റെ സ്റ്റേജാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾ ഏഴാംമൈൽ മുതൽ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റർ ഓടാൻ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കും. രണ്ടര കിലോമീറ്റർ അകലത്തിൽ സ്റ്റേജുകൾ വേണമെന്ന് നിയമം പറയുമ്പോൾ, ഇവിടെ ഒരുകിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിനുവരെ സ്റ്റേജുണ്ട്. ശാസ്ത്രീയമായി പരിഷ്കരിച്ചാൽ തായന്നൂരിൽനിന്ന് കാഞ്ഞങ്ങാടെത്താൻ 35ന് പകരം 28 രൂപ മതിയെന്നാണ് പരാതി.
കാഞ്ഞങ്ങാട്-കാരാക്കോട്, കാഞ്ഞിരപ്പൊയിൽ റൂട്ടുകളിലെ ഫെയർ സ്റ്റേജ് 2022 ഏപ്രിൽ 29ന് പരിഷ്കരിച്ചിരുന്നു. 2015ൽ വിജിലൻസ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടും സ്വകാര്യ ബസുടമകളുടെ സമ്മർദത്തിൽ മോട്ടോർ വാഹനവകുപ്പ് തുടർ നടപടിയിൽ ആദ്യം അനങ്ങിയില്ല. ജനം പരാതിയിൽ ഉറച്ചുനിന്നതോടെ പരിഷ്കരണം നടപ്പായി. അതിന്റെ ഗുണം മടിക്കൈക്കാർ അനുഭവിക്കുന്നുണ്ട്. നിലവിലെ പരാതിക്കുകൂടി പരിഹാരമുണ്ടായാൽ മലയോരത്തെ മുഴുവൻ യാത്രക്കാർക്കും ഇത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഗതാഗതമന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.