വീട്ടിനുള്ളിൽ തീപിടിത്തം; 38 പവൻ സ്വർണാഭരണങ്ങളും ആധാരങ്ങളും കത്തിനശിച്ചു
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുർഗ് ആവിയിൽ വീട്ടിനുള്ളിൽ തീപിടിച്ച് ആധാരങ്ങളും പണവും കത്തിനശിച്ചു. 38 പവൻസ്വർണാഭരണങ്ങളും ഒപ്പം നശിച്ചതായി സംശയിക്കുന്നു. വലിയ പുസ്തകശേഖരമുൾപ്പെടെ കത്തിനശിക്കാൻ നീണ്ട സമയമെടുത്തതിനാൽ സ്വർണാഭരണങ്ങൾ ഉരുകിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവരെ ലഭ്യമായിട്ടില്ല. ഒരു മുറി പൂർണമായി കത്തിനശിച്ചു.
പാണത്തൂർ ഇച്ച എന്ന എം.ബി. ഇസ്മായിൽ ഹാജിയുടെ ആവിയിൽ പള്ളിക്ക് സമീപത്തെ ഇരുനില വീടിന്റെ മുകൾനിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഈ സമയം മകൾ റംലയും റംലയുടെ മകൻ ഫർമാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മായിൽ ഹാജി പള്ളിയിൽ പോയതായിരുന്നു. വീടിനുള്ളിൽ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുംമുമ്പ് അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ബാഗിൽ സൂക്ഷിച്ചിരുന്ന 38 പവൻ സ്വർണാഭരണങ്ങളാണ് കത്തിനശിച്ചതായി കരുതുന്നത്. ഇന്ത്യൻ രൂപയും ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ കറൻസികളും വീടിന്റെയുൾപ്പെടെ നിരവധി ആധാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു. ഹോസ്ദുർഗ് പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.