മറുനാടൻ പൂക്കച്ചവടക്കാർക്ക് ഇത് കണ്ണീരോണം
text_fieldsകാഞ്ഞങ്ങാട്: ജില്ലയുടെ വിവിധ മേഖലകളിൽ വർഷംതോറും ഓണപ്പൂക്കളുമായെത്തുന്ന ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കും കർണാടകയിലെ പുത്തൂർ, സുള്ള്യ, മൈസൂരു നിവാസികൾക്കും ഇക്കുറി കണ്ണീരോണം.
കോവിഡ് പശ്ചാത്തലത്തിൽ ഇതര സംസ്ഥാന പൂക്കൾ വിപണിയിൽ വിൽപന നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവാണ് ഇവർക്ക് തിരിച്ചടിയാവുക. രണ്ട് പതിറ്റാണ്ടിലധികകമായി പുത്തൂർ, സുള്ള്യ ഭാഗങ്ങളിലുള്ളവരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മറുനാടൻ പൂക്കൾ വിപണിയിലെത്തിച്ചിരുന്നത്.
നൂറോളം ചെറുപ്പക്കാർ കാഞ്ഞങ്ങാട് ടൗണിൽ മാത്രം പൂവിൽപനക്കായി എത്താറുണ്ട്. ജെണ്ട് മല്ലിക, മല്ലിക, മുല്ല, റോസ്, സേമന്തിക, സൂര്യകാന്തി തുടങ്ങി വിവിധ ഇനം മറുനാടൻ പൂക്കളാണ് മലയാളികളുടെ പൂക്കളത്തെ വർണാഭമാക്കിയിരുന്നത്.
കോവിഡ് ഭീഷണി കാരണം ഓണാഘോഷങ്ങളൊഴിവാക്കാൻ തീരുമാനിച്ചതോടെ വലിയതോതിലുള്ള കച്ചവടവും ഇക്കുറി പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ, കേരളത്തിലേക്ക് പൂക്കളുമായി വരുമെന്നുതന്നെയാണ് കരുതിയതെന്നും പുത്തൂരിലെ പൂക്കച്ചവടക്കാരൻ കൂടിയായ ഹംസ 'മാധ്യമ'ത്തോട് പറഞ്ഞു.
ഓണക്കാലത്തെ കച്ചവടം ഞങ്ങൾക്കെന്നും ഒരു ഹരമായിരുന്നു. ഇക്കുറി അത് നടക്കില്ലെന്ന അറിയിപ്പ് ലഭിച്ചത് കഴിഞ്ഞദിവസമാണെന്നും ഹംസ പറഞ്ഞു.
പുത്തൂരിൽ മറ്റു കച്ചവടക്കാരായ ചെറുപ്പക്കാരുടെ കൂട്ടായ്മകളാണ് ഓണക്കാലത്ത് മൈസൂരു, സുള്ള്യ, ഹാസൻ എന്നിവിടങ്ങളിലെ പാടങ്ങളിലെത്തി കർഷകരിൽ നിന്ന് നേരിട്ട് പൂക്കൾ ശേഖരിച്ച് മലയാളികൾക്ക് മുന്നിലെത്താറുള്ളത്.
ഓരോ ദിവസവും ലക്ഷങ്ങളുടെ കച്ചവടമാണ് ഓരോ സംഘത്തിനും ലഭിക്കാറുള്ളത്. ഉത്രാടദിനത്തിന് രണ്ട് ദിവസം മുമ്പ് നഗരത്തിലെത്തുന്ന ഇവർ ഓണനാളിലാണ് നാട്ടിലേക്ക് മടങ്ങാറുള്ളത്. ഇത്രയും ദിവസം വാഹനങ്ങളിൽതന്നെയാണ് ഇവരുടെ ഊണും ഉറക്കവും.
മൈസൂരു, പുത്തൂർ തോട്ടങ്ങളിലെ കർഷകരിൽനിന്നാണ് പ്രധാനമായും കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മറുനാടൻ പൂക്കളെത്തിയിരുന്നത്. ഇതുകൂടാതെ ഓണക്കോടിയുമായെത്തുന്ന കർണാടക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തെരുവു കച്ചവടക്കാർക്കും ഇക്കുറി പ്രതീക്ഷിച്ച കച്ചവടം ലഭിക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.