ബസ് സ്റ്റാൻഡ് അടച്ചിട്ട് യൂത്ത് കോൺഗ്രസുകാരുടെ ഫുട്ബാൾ മത്സരം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫുട്ബാൾ മത്സരം നടത്തി. പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചതുമുതൽ നിരന്തരം പൂർണമായി കൊട്ടിയടക്കുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേറിട്ട സമരമുറയുമായെത്തിയത്.
സർക്കാർ പരിപാടികളും പ്രദർശന വിപണനമേളകളും സി.പി.എം, ഡി. വൈ.എഫ്.ഐ, മറ്റ് ഇടത് സംഘടനകൾക്കും പാർട്ടി പരിപാടികൾ നടത്താനുള്ള വേദിയാക്കി പുതിയ ബസ് സസ്റ്റാൻഡ് മാറ്റിയതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പഴയ ബസ്റ്റാൻഡ് അടച്ചിട്ട് അതിനകത്ത് പ്രതീകാത്മകമായി ഫുട്ബാൾ മത്സരം നടത്തിയത്.
പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചിട്ടും നാളിതുവരെയായി ഒറ്റ കടമുറിപോലും ലേലം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പകരം ഇടക്കിടെ അടച്ചിടുന്നതും പരിപാടി ഇല്ലാത്ത സമയത്ത് മാത്രം ബസുകൾ സ്റ്റാൻഡിൽ കയറിയാൽ മതിയെന്നുമുള്ളതാണ് നഗരസഭയുടെ നിലപാട്.
കോടികൾ മുടക്കി പണിത പുതിയ ബസ് സ്റ്റാൻഡ് അനാഥമാകുന്ന അവസ്ഥയിലാണ് നഗരഭരണസമിതി ഇത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ പറഞ്ഞു. ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഫുട്ബാൾ മത്സരം ഉള്ളതിനാൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് പുറത്ത് അറിയിപ്പ് ബോർഡ് വെച്ചശേഷമാണ് രണ്ടുടീമുകളായി തിരിഞ്ഞ് നേതാക്കളും പ്രവർത്തകരും ഫുട്ബാൾ തട്ടിയത്.
ജില്ല പ്രസിഡന്റിനെകൂടാതെ ജില്ല ഭാരവാഹികളായ ഇസ്മായിൽ ചിത്താരി, ഉനൈസ് ബേഡകം, വിനോദ് കള്ളാർ, ഷിബിൻ ഉപ്പിലിക്കൈ, ജിബിൻ ജെയിംസ്, ശ്രീജിത്ത് പുതുക്കുന്ന്, ശരത്ത് മരക്കാപ്പ്, എച്ച്.ആർ. വിനീത്, എസ്. അക്ഷയ ബാലൻ, രാജേഷ് അജാനൂർ, ശിഹാബ് കല്ലഞ്ചിറ, രാഹുൽ ഒഴിഞ്ഞവളപ്പ്, ഗോകുൽ ഉപ്പിലിക്കൈ, ആദർശ് തോയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.