പുറത്താക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി സി.പി.എം കുരുക്കിൽ
text_fieldsകാഞ്ഞങ്ങാട്: കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയFormer PCC Secretary Balakrishnan Periya
സി.പി.എം കുരുക്കിൽ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം സി.പി.എം ഏറ്റെടുത്തു.
കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്നമായിമാത്രം കണ്ടിരുന്ന പുറത്താക്കൽ നടപടി ബാലകൃഷ്ണന്റെ വാർത്തസമ്മേളനത്തിലെ പരാമർശത്തോടെ സി.പി.എമ്മിന് ഇടപെടാനുള്ള അവസരമൊരുക്കി. 236 ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നാണ് ബാലകൃഷ്ണൻ ആരോപിച്ചത്.
ആരോപണം സി.പി.എം ജില്ല കമ്മിറ്റി ചർച്ച ചെയ്ത് വിജിലൻസിൽ പരാതി നൽകിയിരിക്കുകയാണ്. പിന്നാലെ ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. ഒരു വിളക്കിനുപുറത്ത് ഒരുലക്ഷം രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. 2.36കോടിരൂപയുടെ അഴിമതി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയെന്നാണ് ഡി.വൈ.എഫ്.ഐ വാർത്തക്കുറിപ്പിൽ പറഞ്ഞത്.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച എം.പിയുടെ ഓഫിസായ മാതോത്തെ വസതിയിലേക്ക് മാർച്ച് നടത്തുകയാണ്. വിജിലൻസിന് തെളിവുനൽകാൻ ബാലകൃഷ്ണൻ തയാറാകണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പക്കൽ തെളിവുണ്ടെന്ന് ബാലകൃഷ്ണൻ പെരിയ വ്യക്തമാക്കിയിട്ടുമുണ്ട്. കല്യോട്ട് ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ കുടുംബത്തിന്റെ കല്യാണത്തിൽ പങ്കെടുത്ത ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നാലുനേതാക്കളെയാണ് കെ.പി.സി.സി പുറത്താക്കിയത്. ഇരട്ടക്കൊലക്കേസിൽ വലിയ ക്ഷീണമാണ് സി.പി.എമ്മിനുണ്ടായത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള ഒരുകാരണം ഇരട്ടക്കൊലയാണെന്ന് സി.പി.എം കരുതുന്നു. പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുല്ലൂർ പെരിയ പഞ്ചായത്തും ഇടതുപക്ഷത്തിന് നഷ്ടമായി.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ പെരിയയിലെ കെ.പി.സി.സി സെക്രട്ടറിയുൾപ്പടെയുള്ള നാലുനേതാക്കളെയാണ് കോൺഗ്രസ് പുറത്താക്കിയത്. പെരിയയിലെ കോൺഗ്രസിനകത്തുണ്ടായിട്ടുള്ള വിള്ളൽ വികസിപ്പിച്ചെടുക്കുകയെന്ന രാഷ്ട്രീയ തന്ത്രമാണ് സി.പി.എമ്മിനുള്ളത്.
വിജിലൻസ് കേസും തുടർനടപടികളും നിലനിൽക്കുന്നിടത്തോളം കാലം ബാലകൃഷ്ണന്റെ കോൺഗ്രസ് പുനഃപ്രവേശനം നീളും. അതാണ് സി.പി.എം ആഗ്രഹിക്കുന്നതും. നേതാക്കളെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയ നടപടിയോട് കോൺഗ്രസിനകത്തുതന്നെ എതിർപ്പുണ്ട്. വിമത കൺവെൻഷൻ വിളിച്ചുചേർക്കുന്നതിനോട് പുറത്താക്കപ്പെട്ടവരിൽ ഒരുവിഭാഗം യോജിക്കുന്നില്ല. അവർ കെ.പി.സി.സിക്കും എ.ഐ.സി.സിക്കും അപ്പീൽ നൽകി കാത്തിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പുല്ലൂർപെരിയ പഞ്ചായത്ത് ഭരണത്തിലേക്കുള്ള വഴി ആലോചിക്കുന്ന സി.പി.എമ്മിനു മുന്നിൽ അതൊരു വാതിലായിരിക്കും.
വിമത കൺവെൻഷൻ വിളിക്കാനില്ല, പുറത്തുതന്നെയാണെങ്കിൽ അവസരംവരുമ്പോൾ കാണിച്ചുകൊടുക്കുമെന്നും അപ്പീൽ നൽകി കാത്തിരിക്കുകയാണെന്നും നടപടിക്കുവിധേയനായ യു.ഡി.എഫ് ഉദുമ മണ്ഡലം മുൻ ചെയർമാൻ രാജൻ പെരിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.