കവർച്ചസംഘം വീണ്ടും തലപൊക്കി; കാസർകോട് രണ്ട് ദിവസത്തിനിടെ നാലു മോഷണം
text_fieldsകാഞ്ഞങ്ങാട്: ഇടവേളക്ക് ശേഷം മോഷണസംഘം പിടിമുറുക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ നാല് മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പാറപ്പള്ളിയിലും പരപ്പയിലും കയ്യൂരിലും മോഷണം ഉണ്ടായി.
പാറപ്പള്ളിയിലെ പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ഫാത്തിമയുടെ വീടിന്റെ അടുക്കള ഭാഗം ഗ്രിൽ തകർക്കുകയും വാതിലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു. വീടുപൂട്ടി ഫാത്തിമയും കുടുംബവും തൊട്ടടുത്ത പള്ളിയിൽ ഉറൂസിന് പോയ സമയത്ത് ആയിരുന്നു രാത്രി കവർച്ച നടന്നത്.
ഉറൂസ് കഴിഞ്ഞ് രാത്രി തറവാട് വീട്ടിലായിരുന്നു ഫാത്തിമ താമസിച്ചത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച ശ്രമം നടന്നത് അറിയുന്നത്. വാതിൽ ഉൾപ്പെടെ തകർത്തത് വലിയ നാശനഷ്ടത്തിന് കാരണമായി. കിടപ്പുമുറിയിലെ സെൽഫ് ഉൾപ്പെടെ കുത്തിത്തുറന്നു വ്യാപക നാശനഷ്ടമുണ്ടാക്കിയെങ്കിലും കവർച്ച സംഘത്തിന് വീട്ടിൽ നിന്നും ഒന്നും ലഭിച്ചില്ല . വീട് പൂട്ടിപ്പോകുന്ന സമയം ആഭരണവും പണവും ഉൾപ്പെടെ വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഫാത്തിമ മാറ്റിയതിനാൽ വലിയ നഷ്ടം ഒഴിവായി. പരപ്പ നമ്പ്യാർ കൊച്ചിയിലെ സജിന സെമീറിന്റ വീട്ടിലും മോഷണമുണ്ടായി.
കഴിഞ്ഞദിവസം രാത്രി വീട് പൂട്ടി പോയ ശേഷമാണ് മോഷണം നടന്നത്. പാറപ്പള്ളിയിലേതിന് സമാനമായ രീതിയിലായിരുന്നു പരപ്പയിലും മോഷണം. അടുക്കള ഭാഗത്ത് ഗ്രിൽ തകർത്ത് കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന അരപ്പവന്റെ രണ്ട് കമ്മലുകൾ മോഷ്ടിക്കപ്പെട്ടു. രണ്ട് മോഷണ സംഭവങ്ങളിലുമായി വെള്ളരിക്കുണ്ട്, അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നു.കയ്യൂർ പള്ളത്തെ ദേവൂ രവീന്ദ്രന്റെ വീട്ടിലും സമാന രീതിയിൽ മോഷണം നടന്നു. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 6500 രൂപ കവർന്നു. ചീമേനി പൊലീസ് കേസെടുത്തിട്ടുണ്ട്. പരപ്പ നെല്ലിയറയിൽ റബർ പുര കുത്തിത്തുറന്ന് പതിനായിരം രൂപയുടെ റബർ ഷീറ്റുകൾ കഴിഞ്ഞ ദിവസമാണ് മോഷ്ടിക്കപ്പെട്ടത്. വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കവർച്ചകളെല്ലാം സമാന രീതിയിലുള്ളതാണ്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് എല്ലായിടത്തും മോഷണം നടന്നത്.
വീട് പൂട്ടി പോകുന്നത് അറിയുന്ന തദ്ദേശീയരായ മോഷ്ടാക്കളുടെ സഹായത്തോടെ പ്രഫഷനൽ കവർച്ച സംഘമെത്തിയാണ് കൃത്യം നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജില്ലയിൽ നടന്ന വൻ കവർച്ചകളിൽ ഉൾപ്പെടെ അന്വേഷണം എങ്ങുമെത്താതെ ക്കിടക്കുമ്പോഴാണ് മോഷ്ടാക്കൾ വീണ്ടും തലപൊക്കിയിരിക്കുന്നത്.
പൂച്ചക്കാട് വീട്ടുകാരെ മയക്കി കിടത്തി വൻ കവർച്ച നടത്തിയ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. പള്ളിക്കരയിൽ ജ്വല്ലറി തുറന്ന് കവർച്ചക്ക് ശ്രമിച്ച കേസും പാതിവഴിയിൽ. പടന്നക്കാട്, മാവുങ്കാൽ , കല്ലൂരാവി ഭാഗങ്ങളിൽ നടന്ന നിരവധി വൻ കവർച്ചകൾക്കും തുമ്പായില്ല. ഇതിനിടയിലാണ് കവർച്ചക്കാർ വീണ്ടും തലപൊക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.