സഹകരണ ബാങ്കിലെ അരക്കോടിയുടെ തട്ടിപ്പ്; വനിത മാനേജർ 80 ദിവസമായി ജയിലിൽ
text_fieldsകാഞ്ഞങ്ങാട്: കോട്ടച്ചേരി സർവിസ് സഹകരണ ബാങ്കിൽനിന്ന് ഇടപാടുകാരുടെ പണയ സ്വർണമെടുത്ത് വീണ്ടും പണയപ്പെടുത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ 80 ദിവസത്തോളമായി റിമാൻഡിൽ കഴിയുന്ന വനിത മാനേജർക്ക് ജാമ്യത്തിലിറങ്ങാനായില്ല. കേസിൽ കൂട്ടുപ്രതികൾക്കെതിരെ നിയമനടപടി തുടരുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടും. ബാങ്കിന്റെ മഡിയൻ ശാഖയിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനേജർ അടമ്പിലിൽ താമസിക്കുന്ന വെള്ളിക്കോത്ത് സ്വദേശിനി ടി. നീന (52) ഹൈകോടതിയടക്കം ജാമ്യം നിഷേധിച്ചതിനെതുടർന്ന് ജയിലിൽ കഴിയുകയാണ്. 58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
സംഭവത്തിൽ നീന ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെങ്കിലും മറ്റുള്ളവരെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ പ്രതികളാണെങ്കിലും പണംതട്ടിയതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരാളൊഴികെ എല്ലാവരെയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടാണ് പൊലിസ് നിയമോപദേശം തേടാനാെരുങ്ങുന്നത്. ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം അവരറിയാതെയെടുത്ത് മറ്റ് ആളുകളുടെ പേരിൽ വീണ്ടും പണയപ്പെടുത്തിയാണ് പണംതട്ടിയത്.
പരാതി വന്നതോടെ അറിയാതെയെങ്കിലും കൃത്യത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരിലും കേസായി.
ഇത് ആശക്കുഴപ്പമുണ്ടാക്കിയതോടെയാണ് പൊലീസ് നിയമോപദേശത്തിന് ഒരുങ്ങിയത്. നീനക്ക് മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഹോസ്ദുർഗ് എസ്.ഐ വേലായുധനാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി ചേർത്തവരിൽ ഒരാൾ വിദേശത്തായതിനാൽ മൊഴിയെടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.