കുടിവെള്ളം മുതൽ കിടപ്പാടം വരെ; ദുരിതങ്ങൾക്കുനടുവിൽ എ.സി നഗർ കോളനി
text_fieldsകാഞ്ഞങ്ങാട്: കുടിവെള്ളം മുതൽ കിടപ്പാടം വരെയായി നൂറുകൂട്ടം ദുരിതങ്ങൾക്ക് നടുവിലാണ് അത്തിക്കോത്ത് എ.സി നഗർ കോളനി. 32 കുട്ടികൾ പഠിക്കുന്ന അംഗൻവാടി പരിമിതമായ സ്ഥലത്താണ്. ഈ വളപ്പിലുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കിയാൽ കളിസ്ഥലം ഒരുങ്ങും. കുഴൽക്കിണറിൽ ഇരുമ്പ് ഊർച്ചയായതോടെ ഉപയോഗശൂന്യമാണ്. സമീപത്തെ കിണർ ശുചീകരിച്ച് റിങ്ങിട്ടാൽ മോട്ടോർ സ്ഥാപിക്കാം. പക്ഷേ, ഇതിനായി വാദിക്കേണ്ട കൗൺസിലർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
നാൽപതോളം കുടുംബങ്ങൾക്ക് പട്ടയം പോലുമില്ലാത്ത അവസ്ഥയാണ്. റീസർവേ കഴിഞ്ഞപ്പോൾ മൂന്ന് കുടുംബങ്ങളുടെ സ്ഥലത്തിന് പുതിയ അവകാശികളായി. ഇതോടെ ഇവർ കുടിയിറക്ക് ഭീഷണിയിലാണ്. പുറമ്പോക്കിൽ തറകെട്ടി പട്ടയം കാത്തിരിക്കുന്നവരാണ് ഏറെയും. കോളനിയുടെ മുകളിൽ പാറമ്മേലിൽ താമസിക്കുന്നവർക്ക് റോഡ് സൗകര്യവുമില്ല. മാവിലൻ സമുദായത്തിൽപെട്ട 130 കുടുംബങ്ങൾക്കായി ഇവിടെയുള്ളത് 10,000 ലിറ്ററിന്റെ ടാങ്കാണ്. ഇതാകട്ടെ ആർക്കും തികയുന്നുമില്ല. ഉയരം കുറവായതിനാൽ കുന്നിന് മുകളിൽ താമസിക്കുന്നവർക്ക് പ്രയോജനപ്പെടുന്നില്ല. പാറയുടെ മുകളിൽ ടാങ്ക് കെട്ടിയാൽ നന്നാകുമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് മൂന്ന് പൊതുകിണറുകളുണ്ട്. ഇവയെല്ലാം ശുചീകരിച്ച് ജലലഭ്യത ഉറപ്പാക്കാം.
മാവിലൻ സമുദായത്തിലെ നിർധനരാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പ്രശ്നങ്ങൾ പൊതുസമൂഹം വേണ്ടവിധം ഏറ്റെടുക്കുന്നില്ലെന്നും പരാതിയുണ്ട്. വിദ്യാഭ്യാസ രംഗത്തും പിന്നാക്കാവസ്ഥയുണ്ട്. തൊഴിലവസരം ഉറപ്പാക്കാൻ പ്രത്യേക പരിശീലനവും ലഭ്യമാക്കണം. കമ്യൂണിറ്റി ഹാൾ വേണമെന്ന ആവശ്യവും 10 വർഷമായി ഉന്നയിക്കുന്നു. നഗരത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഗ്രാമത്തിന്റെ വികസനം പോലും ഈ പ്രദേശത്ത് എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.