പഴം-പച്ചക്കറി വില പൊള്ളുന്നു
text_fieldsകാഞ്ഞങ്ങാട്: മീനമാസത്തെ കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ വിപണിയിലെ വിലയും പൊള്ളിക്കുന്നു. റമദാൻ ആരംഭത്തിൽ തുടങ്ങിയ വിലവർധന വിഷുവിപണിയിലും മുകളിലേക്കുതന്നെ. പഴം-പച്ചക്കറി വിഭവങ്ങൾക്ക് മാർക്കറ്റിൽ വില കുത്തനെ ഉയർന്നു. 180വരെ വിലയുണ്ടായിരുന്ന ആപ്പിളിന് 220 മുതൽ 260 വരെയാണ് വില. രണ്ടാഴ്ച മുമ്പ് 100 രൂപക്ക് നാലു കിലോയിലേറെ മുന്തിരി പാക്കറ്റാക്കി വാഹനങ്ങളിൽ വിറ്റസ്ഥാനത്ത് ഇപ്പോൾ കിലോക്ക് 90 രൂപയായി ഉയർന്നു.
കാഞ്ഞങ്ങാട് നഗരത്തിൽ തണ്ണിമത്തൻ 25, 30, ഓറഞ്ച് 90, പൈനാപ്പിൾ 70, നേന്ത്രൻ 60, മൈസൂർ പൂവൻ 50, ഞാലിപ്പൂവൻ 70, സപ്പോട്ട 90, മുസമ്പി 90, ചോളം 40, മാങ്ങ 140, ഉറുമാമ്പഴം 180 എന്നിങ്ങനെയാണ് വില. പച്ചക്കറികൾക്കും ഇതോടൊപ്പം വില ഉയർന്നിട്ടുണ്ട്. ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കും ഇഞ്ചിക്കുമാണ് വില കൂടിയത്. വെളുത്തുള്ളി വില 300ലെത്തി. ഇഞ്ചി 200 രൂപയാണ്.
ഉരുളക്കിഴങ്ങിന് 28ൽനിന്ന് 40വരെയായി. ഉള്ളി 28ലും തക്കാളി 34ലും നിൽക്കുന്നു. തക്കാളിക്കും ഉള്ളിക്കും ഓരോ ദിവസങ്ങളിലും വിലവ്യത്യാസം വരുന്നുണ്ട്. 26 രൂപയുണ്ടായിരുന്ന കക്കിരിവില 70 രൂപയിലെത്തി നിൽക്കുന്നു. കാബേജ് വില 110 ആണ്. കാരറ്റ് വില 70. പയർ 80 വെണ്ടക്ക 70, മുരിങ്ങ 100, കണിക്കാവശ്യമായ വെള്ളരി വില 44 രൂപയിലെത്തി.
വേനൽ കനത്തതോടെ ജ്യൂസ് വിഭവങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഏപ്രിൽ പിന്നിടുന്നതോടെ മേയിൽ വില അമിതമായി കുതിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. വേനൽമഴയുടെ വരവിനെ അപേക്ഷിച്ചാകും വിപണി. വഴിയോര വാണിഭം വരുംദിവസങ്ങളിലെ സജീവമാകാൻ ഇടയുള്ളൂ. സ്കൂൾ അടച്ചെങ്കിലും വേനൽച്ചൂടിൽ ആളുകൾ വിപണിയിൽ സജീവമാകുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.